അമ്മ കമലയുടെ കൂടെ വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് സുധീഷിന് മിന്നലേല്‍ക്കുന്നത്
കാസര്കോട് : മിന്നലേറ്റ് മരിച്ച ആദിവാസി യുവാവിന്റെ കുടുംബത്തിനുള്ള സര്ക്കാര് ധനസഹായം സാങ്കേതിക കാരണങ്ങളാല് വൈകുന്നു. കാസര്കോട് ബളാല് മരുതുംകുളം കോളനിയില് കഴിഞ്ഞ മാസം 27ന് വേനല് മഴയോടൊപ്പമുണ്ടായ മിന്നലേറ്റ് മരിച്ച സുധീഷിന്റെ കുടുംബത്തിനുള്ള അടിയന്തിര സര്ക്കാര് ധനസഹായമാണ് സാങ്കേതിക പ്രശ്നങ്ങളുടെ പേരില് വൈകുന്നത്.
മരുതുംകുളത്തെ കമലയുടെ രണ്ടുമക്കളില് ഇളയവനാണ് സുധീഷ്. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര് സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാര്ത്ഥിയായിരുന്ന സുധീഷിനെ റിസള്ട്ട് കാത്തിരിക്കുമ്പോഴാണ് വിധി കവര്ന്നത്. 80 ശതമാനം മാര്ക്കോടെയാണ് സുധീഷ് വിജയിച്ചത്. തീരാദുരിതത്തിനിടെയിലും ഏറെ കഷ്ടപ്പെട്ട് പഠിച്ച് എന്ജിനീയറാകുക എന്ന സ്വപ്നം ബാക്കിവച്ചാണ് സുധീഷ് പോയതെന്ന് സഹോദരി സുനിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അമ്മ കമലയുടെ കൂടെ വീട്ടുമുറ്റത്ത് നില്ക്കുമ്പോഴാണ് സുധീഷിന് മിന്നലേല്ക്കുന്നത്. കമലയ്ക്കും പരിക്കേറ്റിരുന്നു. എന്നാല് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സുധീഷിനെ രക്ഷിക്കാന് കഴിഞ്ഞില്ല. അന്ന് വൈകീട്ട് തന്നെ മൃതദേഹം ദഹിപ്പിച്ചു. മരണ വാര്ത്തയറിഞ്ഞ് മന്ത്രി ഇ.ചന്ദ്രശേഖരന് സുധീഷിന്റെ വീട് സന്ദര്ശിച്ചിരുന്നു. അന്ന് കുടുംബത്തിന്റെ ദുരിതം നേരിട്ടറിഞ്ഞ മന്ത്രി സര്ക്കാര് ധനസഹായം വാഗ്ദാനം ചെയ്തിരുന്നു.
എന്നാല് മരിച്ച സുധീഷിനെ വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിലാണ് പരിശോധിച്ചതെന്നും സര്ക്കാര് ഡോക്ടര് പരിശോധിച്ചില്ലെന്നും മൃതദേഹം പോലീസ് സര്ജന് പോസ്റ്റ്മോട്ടം നടത്തിയില്ലെന്നുമുള്ള സാങ്കേതിക കാരണങ്ങള് പറഞ്ഞ് സര്ക്കാര് സഹായം വൈകുകയാണ്്. മരണം മിന്നല് മൂലമാണെന്ന് സ്ഥിരീകരിച്ച സര്ട്ടിഫിക്കറ്റ് ആശുപത്രി അധികൃതരില് നിന്നും വാങ്ങാത്തതും ധനസഹായം വൈകാന് കാരണമാകുന്നു.
