തിരുവനന്തപുരം: അന്വേഷണങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നത് ആരോപണ വിധേയരെ ക്രൂശിക്കാനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അഴിമതിക്കെതിരേ നീക്കം നടത്തുന്നവർ ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ല, അവർക്കൊപ്പം സർക്കാരുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

പരാതി ലഭിച്ചാൽ സംശുദ്ധിയുള്ള ഉദ്യോഗസ്‌ഥർക്കും അന്വേഷണം നേരിടേണ്ടിവരും. ഇത് സാധാരണ നടപടിക്രമം മാത്രമാണ്. എന്നാൽ അന്വേഷണം ആരംഭിക്കുമ്പോൾതന്നെ അതിന് അമിത പ്രാധാന്യം നൽകുന്നതു നല്ലതല്ല. ഇത് ആരോപണവിധേയരെ ക്രൂശിക്കുന്നതിനു തുല്യമാണ്. വഴിയ അഴിമതിക്കഥകൾ മൂടിവയ്ക്കപ്പെടുന്നു. 

ഇതിനെതിരേ കടുത്ത നടപടി ആവശ്യമാണ്. അഴിമതി ഇല്ലാത്ത ഭരണ നിർവഹണത്തിലൂടെ മാത്രമേ സുസ്‌ഥിരവികനം നടപ്പാക്കാൻ കഴിയൂ. സീറോ ടോളറൻസ് ടു കറപ്ഷൻ എന്ന സർക്കാർ നയത്തിന്റെ ഭാഗമായി ജനങ്ങളുടെ സ്വൈര്യ ജീവിതവും സർക്കാരിന്റെ സദ്ഭരണവും വിജിലൻസ് ഉറപ്പുവരുത്തണം. അഴിമതിക്കെതിരേ നീക്കം നടത്തുന്നവർ ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ല, അവർക്കൊപ്പം സർക്കാരുണ്ടാകും– മുഖ്യമന്ത്രി പറഞ്ഞു.

പുതിയ സർക്കാർ അധികാരമേറ്റ് ആറുമാസം കൊണ്ട് അഴിമതി കുറയ്ക്കാനായെന്നു ചടങ്ങിൽ പങ്കെടുത്ത വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അവകാശപ്പെട്ടു.