Asianet News MalayalamAsianet News Malayalam

കട്ടിപ്പാറ ഉരുൾപ്പൊട്ടലിൽ സർക്കാർ ധനസഹായം പര്യാപ്തമല്ലെന്ന് ദുരിതബാധിതർ

  • സർക്കാർ ധനസഹായം അപര്യാപ്തമെന്ന് വിലയിരുത്തൽ
  • സുരക്ഷിതമായ സ്ഥലത്ത് വീടും സ്ഥലവും വേണമെന്ന് ദുരിതബാധിതർ
government compensation not enough to restart life says affected in land slide
Author
First Published Jun 23, 2018, 12:14 PM IST

കട്ടിപ്പാറ: സർക്കാർ പ്രഖ്യാപിച്ച ധനസഹായം പര്യാപ്തമല്ലെന്ന് കട്ടിപ്പാറ ഉരുൾപൊട്ടലിലെ ദുരിതബാധിതർ. കൂടുതൽ സഹായം ആവശ്യപ്പെട്ട് കട്ടിപ്പാറ പഞ്ചായത്ത് സർക്കാരിനെ സമീപിക്കും. മുഖ്യമന്ത്രി ദുരന്തബാധിത പ്രദേശം സന്ദർശിക്കാത്തതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. 10 വീടുകൾ പൂ‍ർണ്ണമായും 50ഓളം വീടുകൾ ഭാഗികമായും തകർന്നുവെന്നാണ് പഞ്ചായത്തിന്റെ കണക്ക്.

കരിഞ്ചോലമലയുടെ താഴ്ഭാഗം പാറകൂട്ടങ്ങളും മണ്ണും വന്ന് നിറഞ്ഞതിനാൽ ഇവിടെ വീടുകൾ പുതുക്കി നിർമ്മിക്കാൻ കഴിയില്ല. താഴ്വാരത്ത് അവശേഷിക്കുന്ന വീടുകളിൽ മിക്കതും വെള്ളവും ചെളിയും നിറഞ്ഞ് വാസയോഗ്യമല്ല. വീണ്ടും ഉരുൾപൊട്ടാൻ സാധ്യതയുള്ളതിനാൽ ഈ വീടുകളിലേക്ക് മടങ്ങി പോവാനുമാവില്ല. 

പഞ്ചായത്ത് താൽകാലികമായി കണ്ടെത്തിയ വാടകവീടുകളിലേക്ക് മാറുകയാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളവർ. മറ്റ് ചിലർ ബന്ധുവീടുകളിൽ അഭയം തേടി. വീടും സ്ഥലവും നഷ്ടമായവർക്ക് 6 ലക്ഷം, വീട് നഷ്ടപ്പെട്ടവർക്ക് 4 ലക്ഷം, കൃഷി ഭൂമി നഷ്ടപ്പെട്ടവർക്ക് 4 ലക്ഷം എന്നിങ്ങനെയാണ് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം. സർക്കാരിന്റെ ധനസഹായം അപര്യാപ്തമാണെന്ന് ദുരിതബാധിതർ പറയുന്നു. സുരക്ഷിതമായ മറ്റൊരിടത്ത് വീടും സ്ഥലവും നൽകണമെന്നാണ് ആവശ്യം.

ദുരന്ത ബാധിതരുടെ പരാതിയെ തുടര്‍ന്ന് സർക്കാരിൽ നിന്ന് കൂടുതൽ സഹായം ആവശ്യപ്പെടാനാണ് കട്ടിപ്പാറ പ‍ഞ്ചായത്ത് ഭരണസമിതിയുടെ നീക്കം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക ഫണ്ട് സ്വരൂപിക്കാനും പദ്ധതിയുണ്ട്. എന്നാൽ മുഖ്യമന്ത്രി സ്ഥലം സന്ദർശിച്ച് കട്ടിപ്പാറക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. അതേ സമയം ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തവരെ അനുമോദിക്കാനായി എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച ചടങ്ങ് പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് മാറ്റിവച്ചു.

മന്ത്രിമാരടക്കം പങ്കെടുക്കാനിരുന്ന ചടങ്ങാണ് മാറ്റിവച്ചത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ ആഘോഷ ചടങ്ങ് നടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകർ പഞ്ചായത്ത് ഹാളിന് മുന്നിൽ പ്രതിഷേധിച്ചു. 

Follow Us:
Download App:
  • android
  • ios