ഓഖി ദുരന്തത്തെ തുടര്‍ന്ന് കാണാതായ മത്സ്യതൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തീരദേശമുള്ള സംസ്ഥാനങ്ങളുടെ സഹായം തേടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദുരന്തത്തിന്റെ നാശനഷ്‌ടം വിലയിരുത്താന‍ായി എത്തിയ കേന്ദ്രസംഘം തീരമേഖലകളിലെ സന്ദര്‍ശനത്തിവ് ശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്രിസ്മസോടെ അവസാനിപ്പിച്ച തെരച്ചില്‍ വീണ്ടും തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. തീരദേശമുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെകക്രട്ടറിമാര്‍ക്ക് കത്തയച്ച് ഇതിനുള്ള സഹായം ഉറപ്പാക്കും. മത്സ്യതൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി തീര, വ്യോമ, നാവിക സേനകളുടെ സംയുക്ത സംഘം തന്നെയാണ് വീണ്ടു തെരച്ചിലിനായി ഇറങ്ങുക. അതിനിടെ ദുരന്തത്തിന്റെ നാശനഷ്‌ടം വിലയിരുത്താനായി കേന്ദ്രസംഘം സംസ്ഥാനത്ത് എത്തി. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ദുരന്ത നിവാരണ വിഭാഗം അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലികിന്റെ നേതൃത്വത്തില്‍ തെക്കന്‍ ജില്ലകളില്‍ സന്ദര്‍ശനം നടത്തുന്ന സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്. 

മൂന്ന് ദിവസത്തെ സന്ദര്‍ശത്തിന് ശേഷമാകും നഷ്‌ടപരിഹാരമടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തുക. ഇതിനായി വെള്ളിയാഴ്ച ഉന്നതലയോഗം ചേരും. ചീഫ് സെക്രട്ടറി, റവന്യൂ വകുപ്പ് ഉദ്ദ്യോഗസ്ഥരടക്കം പങ്കെടുക്കും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴയടക്കം എട്ട് ജില്ലകളിലാണ് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം. തലസ്ഥാനത്ത് എത്തിയ സംഘം പൂന്തുറിയലെത്തി സഭാ പ്രതിനിധികളെയും മത്സ്യതൊഴിലാളി കുടുംബങ്ങളെയും കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. അതിനിടെ ദുരിതാശ്വാത്തിലടക്കം കേന്ദ്രത്തിന്റെ പിന്തുണയ്‌ക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.