ദില്ലി: കശ്മീരില്‍ യുവാവിനെ മനുഷ്യകവചമാക്കി സൈനിക ജീപ്പിന് മുന്നില്‍ വെച്ചുകെട്ടിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിനൊപ്പം. തെരഞ്ഞെടുപ്പിനായുള്ള ഉദ്ദ്യോഗസ്ഥ സംഘത്തെ സുരക്ഷിതമായി എത്തിക്കുന്നതിനായാണ് സൈന്യത്തിന് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നതെന്ന വിശദീകരണമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്.

ഏപ്രില്‍ ഒന്‍പതിന് നടന്ന സംഭവത്തെക്കുറിച്ച് സൈന്യം തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചു. മറ്റ് വഴികളില്ലാത്തതിനാലാണ് യുവാവിനെ മനുഷ്യകവചമാക്കി ഉപയോഗിക്കേണ്ടി വന്നതെന്ന വിശദീകരണമാണ് സൈന്യം സര്‍ക്കാറിന് നല്‍കിയത്. പ്രതിഷേധക്കാര്‍ സംഘം ചേര്‍ന്ന് കല്ലെറിയാന്‍ കാത്തുനിന്ന സ്ഥലത്തുകൂടിയായിരുന്നു തെരഞ്ഞെടുപ്പ് നടത്തേണ്ട ഉദ്ദ്യോഗസ്ഥരെ കൊണ്ടുപോകേണ്ടിയിരുന്നത്. കെട്ടിടങ്ങളുടെ മുകളിലടക്കം കല്ലെറിയാന്‍ ആളുകള്‍ തയ്യാറായി നിന്നിരുന്നു. 12ഓളം സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍, ഇന്റോ-ടിബറ്റന്‍ അതിര്‍ത്തി രക്ഷാ സേനയിലെ പത്തിലധികം ജവാന്മാര്‍, കശ്മീര്‍ പൊലീസിലെ ഏതാനും കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരെയാണ് അപകടമ മേഖലയിലൂടെ കൊണ്ടുപോകേണ്ടിയിരുന്നത്. നിര്‍ണ്ണായകമായ തീരുമാനമെടുക്കേണ്ടി വരുന്ന ഉദ്ദ്യോഗസ്ഥരുടെ അവസ്ഥ മനസിലാക്കിയാണ് സൈന്യത്തിന് എല്ലാ പിന്തുണയും നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ വാദം.