പണം അസാധുവാക്കല്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ചര്‍ച്ച വേണം എന്ന നിലപാട് മയപ്പെടുത്തിയാണ് പ്രതിപക്ഷം വോട്ടെടുപ്പോടെയുള്ള ചര്‍ച്ച മതിയെന്ന് പ്രഖ്യാപിച്ചത്. അടിയന്തര പ്രമേയം അനുവദിക്കാനാവില്ലെങ്കില്‍ വോട്ടെടുപ്പുള്ള മറ്റേതെങ്കിലും വകുപ്പ് അനുസരിച്ച് ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖര്‍ഗെയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ എല്ലാ ചട്ടങ്ങളും മാറ്റി വച്ച് ഇപ്പോള്‍ ചര്‍ച്ച തുടങ്ങാം എന്ന് സ്‌പീക്കര്‍ നിര്‍ദ്ദേശിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.

പണം അസാധുവാക്കലിനു ശേഷമുള്ള പ്രശ്നങ്ങള്‍ കാണണം മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം വച്ചത്. ഇതിനിടെ ജനതാദള്‍ യുണൈറ്റഡ് നേതാവ് ശരദ് യാദവ് വിമര്‍ശനവുമായി എണീറ്റത് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ ചൊടിപ്പിച്ചു. താങ്കളുടെ പാര്‍ട്ടി താങ്കള്‍ക്ക് ഒപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ സര്‍ക്കാരിനൊപ്പം നിന്ന ബിജു ജനതാദളും ഇന്ന് ജനദുരിതം തുടരുന്നതില്‍ വിമര്‍ശനവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യോത്തര വേള സമയത്ത് ലോക്‌സഭയിലെത്തിയിരുന്നു. വോട്ടെടുപ്പോടെയുള്ള ചര്‍ച്ച എന്ന നിലപാട് അംഗീകരിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.