ചികില്‍സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകന്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് പൂഴ്ത്തി. റിപ്പോർട്ട് പുറത്തുവിട്ടാല്‍ സ്വീകരിച്ചുവരുന്ന നടപടിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിശദീകരണം. വിവരാവകാശ നിയമ പ്രകാരവും നർകാനാകില്ലെന്ന് നിലപാടടെുത്ത ആരോഗ്യവകുപ്പ് പൊലീസിനും റിപ്പോര്‍ട്ട് ഇതുവരെ നല്‍കിയിട്ടില്ല .
ചികില്‍സ കിട്ടാതെ മുരുകന്‍ മരിച്ച സംഭവത്തില്‍ ജോയിന്‍റ് ഡി.എം.ഇ, ആരോഗ്യവകുപ്പ് ഡയറക്ടര്‍, തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടര്‍ എന്നിവരുള്‍പ്പെട്ട സമിതി ആഗസ്റ്റ് 16നാണ് ആരോഗ്യ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാവശ്യപ്പെട്ടാണ് വിവരാവകാശ നിയമ പ്രകാരം ആരോഗ്യവകുപ്പിന് അപേക്ഷ നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കാനാകില്ലെന്ന നിലപാടാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്വീകരിച്ചുവരുന്ന നടപടിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. ഈ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു നടപടിയും ആരോഗ്യവകുപ്പ് ഈക്കാലയളവില്‍ കൈക്കൊണ്ടിട്ടില്ലെന്നതാണ് വാസ്തവം.
കുറ്റാരോപിതരായവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ പോലും സ്വീകരിച്ചിട്ടില്ല . സ്വകാര്യ ആശുപത്രികള്‍ കൂടി പ്രതിസ്ഥാനത്തുള്ള കേസില്‍ അന്വേഷണ റിപ്പോർട്ട് എന്തിന് ഒളിച്ചുവെയ്കക്കുന്നു എന്നതും സംശയകരമാണ്. ഈ റിപ്പോർട്ട് ആവശ്യപ്പെട്ട് പൊലീസ് ആരോഗ്യവകുപ്പിനെ പലവട്ടം സമീപിച്ചിരുന്നു. ഏറ്റവുമൊടുവിലായി നാല് ദിവസം മുമ്പും കത്ത് നല്‍കി. എന്നാല്‍ ഇതുവരേയും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. പൊലീസിന്റെ തുടരന്വേഷണവും അന്തിമ റിപ്പോര്‍ട്ടും ആരോഗ്യവകുപ്പിന്റെ വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെക്കൂടി പരിഗണിച്ചാകണമെന്നതിനാല്‍ പൊലീസ് അന്വേഷണവും വഴിമുട്ടിയ നിലയിലാണ്
