കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് മുസ്‌ളീം സ്റ്റ്രീറ്റ് സ്വദേശി സഹിദ മരിച്ചത്. പ്രസവത്തിനായി ആശുപത്രിയിലെത്തിയ സഹിദ ചികിത്സ കിട്ടാതെയാണ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ സഹിദയുടെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടയില്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ വനിതാ ഡോക്ടറെ സഹിദയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതായും പരാതി ഉയര്‍ന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡോക്ടര്‍ക്ക് പിന്തുണയുമായി ഐഎംഎയും രംഗത്തു വന്നിരുന്നു. ഡോക്ടര്‍റെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മൂന്നു ദിവസമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഒ പി ബഹിഷ്‌കരണം തുടരുകയാണ്. ഇതിനോട് ചേര്‍ന്നാണ് കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കുന്നത്.
പണിമുക്കിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുളളവരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. എന്നാല്‍ ആശുപത്രിയില്‍ വെച്ച് വാക്കേറ്റമുണ്ടായെങ്കിലും വനിതാ ഡോക്ടറെ ആരും മര്‍ദ്ദിച്ചിട്ടില്ലെന്നാണ് മരിച്ച സഹിദയുടെ ബന്ധുക്കള്‍ പറുന്നത്. കുറ്റക്കാരായ ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികളിലേക്ക് പോകാനൊരുങ്ങുകയാണ് സഹിദയുടെ ബന്ധുക്കള്‍.
