നറുക്കെടുപ്പില്‍ വിജയിച്ച ഒരു ലോട്ടറിക്ക് രണ്ടുപേര്‍ക്ക് സമ്മാനം നല്‍കിയതുമായി ബന്ധപ്പെട്ട കേസുകള്‍ പരിശോധിച്ചപ്പോഴാണ് വ്യാജ ലോട്ടറിയുടെ വ്യാപനം മനസിലായതെന്ന് ലോട്ടറി ഡയറക്ടറേറ്റിലെ കേസുകളുടെ നടത്തിപ്പ് പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട നിയമ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി സഞ്ജീവ് മാധവന് പറയുന്നു. രണ്ടുവര്‍ഷം മുമ്പ് തന്നെ വ്യാജന്മാര്‍ പണം തട്ടിയെടുത്ത നിരവധി കേസുകള്‍ ഉണ്ടായിരുന്നു. ഫയല്‍ പരിശോധയില്‍ വ്യാജ ലോട്ടറിയെക്കുറിച്ച് മനസിലായെങ്കിലും ഇക്കാര്യം റിപ്പോ‍ര്‍ട്ട് ചെയ്യാന്‍ തന്നെ പേടിയായിരുന്നുവെന്ന് മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറയുന്നു.

വ്യാജ ലോട്ടറികള്‍ക്കെതിരായ കേസ് നടത്തിപ്പിലും വീഴ്ചകളുണ്ടെന്ന കാര്യം രണ്ട് വര്‍ഷം മുമ്പ് തന്നെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയതാണെന്ന് സഞ്ജീവ് പറയുന്നു. കേന്ദ്ര ലോട്ടറി നിയമം അനുസരിച്ച് ലോട്ടറി നടത്തിപ്പില്‍ വീഴ്ചവരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കാം. വ്യാജ ലോട്ടറി വ്യാപകമാകുന്ന കാര്യം സംസ്ഥാന പൊലീസ് മേധാവിയെ ലോട്ടറി വകുപ്പിലെ ഉന്നതര്‍ ഇതുവരെയും രേഖാമൂലം അറിയിച്ചിട്ടില്ല. ക്രൈം ബ്രാഞ്ച് സ്വമേധയാ അന്വേഷണം തുടങ്ങിയ ശേഷമാണ് ലോട്ടറി ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.