മസ്തിഷ്‌ക മരണം സംബന്ധിച്ച അവ്യക്തതകള്‍ നീക്കാന്‍ സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ തയ്യാറാക്കി

First Published 7, Apr 2018, 7:13 PM IST
government forms guidelines to confirm brain death
Highlights

 മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന നാല് ഡോകര്‍മാരില്‍ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിനുള്ള മാര്‍ഗരേഖ കേരള സര്‍ക്കാര്‍ പുറത്തിറക്കി. മസ്തിഷ്‌ക മരണത്തെക്കുറിച്ച് ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും വിരാമമിടുന്നതിന് വേണ്ടി ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ആരോഗ്യ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയത്. എല്ലാവിധ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷവും ജീവിതത്തിലേക്ക് വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ഉറപ്പു വരുത്തുകയാണ് ഈ മാര്‍ഗരേഖയിലൂടെ ലക്ഷ്യമിടുന്നത്.

അന്താരാഷ്ട മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള മസ്തിഷ്‌ക മരണ മാര്‍ഗരേഖയ്ക്കാണ് ആരോഗ്യ വകുപ്പ് രൂപം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ഇത് പാലിക്കണം. മസ്തിഷ്‌ക മരണ സ്ഥിരീകരണ പരിശോധനകള്‍ക്ക് മുമ്പുള്ള മുന്‍കരുതല്‍, തലച്ചോറിന്റെ പ്രതിഫലന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍, ആപ്നിയോ ടെസ്റ്റ് എന്നീ മൂന്ന് പ്രധാന ഘട്ടങ്ങളിലൂടെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കേണ്ടത്.

 കോമയും മസ്തിഷ്‌ക മരണവും എന്താണെന്ന് മാര്‍ഗരേഖ വ്യക്തമായി വിശദീകരിക്കുന്നു. തലച്ചോറിന്റെ പ്രത്യേക ഞരമ്പുരള്‍ക്കുണ്ടാകുന്ന ക്ഷതം കാരണമുണ്ടാകുന്ന അബോധാവസ്ഥയാണ് കോമ. ഇത് ഏതെല്ലാം ടെസ്റ്റുകളിലൂടെ തിരിച്ചറിയാന്‍ സാധിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കോമയിലായിരിക്കുന്ന വ്യക്തി വെന്റിലേറ്ററിലാണെങ്കില്‍ മാത്രമേ മസ്തിഷ്‌ക മരണ സ്ഥിരീകരണ പ്രക്രിയ ആരംഭിക്കാന്‍ പാടുള്ളൂ.എന്നാല്‍ അമിത രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്‌കത്തിലെ കോശങ്ങള്‍ക്ക് സ്ഥിരമായ നാശം സംഭവിക്കുന്ന അവസ്ഥയാണ് മസ്തിഷ്‌കമരണം. ആ വ്യക്തി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ച് വരില്ല. വിവിധ കാരണങ്ങളാല്‍ തലച്ചോറിലെ കോശങ്ങളുടെ ശക്തമായ ക്ഷതം, അമിതമായ രക്ത സ്രാവം, തലച്ചോറില്‍ രക്തം കട്ടപിടിക്കല്‍ ഇവയാണ് മസ്തിഷ്‌ക മരണത്തിന്റെ പ്രധാന കാരണങ്ങള്‍. മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തി നിയമപരമായും വൈദ്യശാസ്ത്രപരമായും മരണപ്പെട്ടു കഴിഞ്ഞിരിക്കും. ഇത് ശാസ്ത്രീയമായി എങ്ങനെ തെളിയിക്കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.

 മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന നാല് ഡോകര്‍മാരില്‍ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഈ സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തില്‍ ആറ് മണിക്കൂര്‍ ഇടവിട്ട് രണ്ട് ഘട്ടങ്ങളിലായി ആപ്നിയോ ടെസ്റ്റ് നടത്തിയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കേണ്ടത്. സ്വന്തമായി ശ്വാസമെടുക്കാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ശാസ്ത്രീയമായി പരിശോധിക്കുന്ന മാര്‍ഗമാണ് ആപ്നിയോ ടെസ്റ്റ്. ഇതിലൂടെ ജീവിതത്തിലേക്ക് തിരികെ വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കാന്‍ പാടുള്ളൂ.

 മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത് ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ആന്റ് ടിഷ്യൂ റൂള്‍സ് 2014 പ്രകാരം ഫോം- 10ല്‍ രേഖയാക്കി സൂക്ഷിക്കണം. സ്ഥിരീകരിച്ച നാല് ഡോക്ടര്‍മാരും ഈ ഫോമില്‍ ഒപ്പുവയ്ക്കണം. ഇത് മെഡിക്കല്‍ റോക്കോര്‍ഡിലും ഇ-മെഡിക്കല്‍ റെക്കോര്‍ഡിലും സൂക്ഷിക്കുകയും വേണം. രണ്ടാമത്തെ ആപ്നിയോ ടെസ്റ്റിന് ശേഷം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയും വിവിധ പരിശോധനാ ഫലങ്ങളെപ്പറ്റി ബന്ധുക്കളെ അറിയിക്കുകയും വേണമെന്നും മാര്‍ഗരേഖയില്‍ നിഷ്‌കര്‍ഷിക്കുന്നു.

loader