പൊതു വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് വില്‍പനശാലകള്‍ വഴി വില്‍ക്കുന്ന അവശ്യസാധനങ്ങള്‍ക്ക് വില കൂട്ടില്ലെന്നാണ് ഇടതു സര്‍ക്കാരിന്റെ പ്രഖ്യാപനം. പക്ഷേ പ്രഖ്യാപനം നടപ്പാക്കാനാകുന്ന സാമ്പത്തിക അവസ്ഥയിലല്ല ഇരു സ്ഥാപനങ്ങളും. അഴിമതിയും കെടുകാര്യസ്ഥതയും ഒപ്പം സര്‍ക്കാര്‍, സബ്സിഡി കുടിശിക നല്‍ക്കാത്തതും ഇവയെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കാലാകാലങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്സിഡി നല്‍കിയ വകയില്‍ സപ്ലൈകോയ്‌ക്ക് മാത്രം കിട്ടാനുളള കുടിശിക തുക 535 കോടിയാണ്. വിതരണക്കാര്‍ക്ക് നല്‍കാനുളളത് 75 കോടി വരും. മൊത്തം ബാധ്യത 1060 കോടി വരും. ഇതിനകം 70 കോടി രൂപ മാത്രമാണ് വിപണി ഇടപെടലിന് സര്‍ക്കാര്‍ അനുവദിച്ചത്. അടുത്ത ഒരു വര്‍ഷത്തേക്ക് വിപണി ഇടപെടലിന് സപ്ലൈകോയ്‌ക്ക് മാത്രം 255 കോടിയെങ്കിലും വേണ്ടിവരും.

സിവില്‍സപ്ലൈസ് കോര്‍പ്പറേഷനേക്കാള്‍ പരിതാപകരമാണ് കണ്‍സ്യൂമര്‍ഫെഡിന്റെ അവസ്ഥ.1039 കോടിയാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ബാധ്യത. വിതരണക്കാര്‍ക്ക് ഇപ്പോള്‍ തന്നെ 200 കോടി നല്‍കാനുണ്ട്. പലിശ കുടിശിക 74 കോടിയാണ്. 408 കോടിയുടെ സബ്സിഡി കുടിശികയുമുണ്ട് .അടുത്ത അഞ്ച് വര്‍ഷത്തേക്ക് അവശ്യസാധനങ്ങള്‍ക്ക് വിലകൂട്ടാതിരിക്കാന്‍ സപ്ലൈകോയ്‌ക്കും കണ്‍സ്യൂമര്‍ഫെഡിനുമായി ആയിരം കോടിയെങ്കിലും സര്‍ക്കാര്‍ നീക്കിവെക്കേണ്ടിവരും. നിത്യനിദാന ചെലവിന് പോലും പ്രയാസം നേരിടുന്ന സംസ്ഥാന സര്‍ക്കാര്‍ ഈ തുക എങ്ങനെ കണ്ടെത്തുമെന്നാണ് ആശങ്ക. ബജറ്റില്‍ ഈ തുകവകയിരുത്തിയില്ലെങ്കില്‍ പദ്ധതി നടപ്പാകില്ല.