സര്‍ക്കാരിന്റെ നൂറ് ദിന നേട്ടങ്ങളില്‍ ഏറെ കൊട്ടിഘോഷിച്ച ഒന്നായിരുന്നു പൂട്ടാന്‍ തുടങ്ങിയ എയ്ഡഡ് സ്കൂളുകള്‍ ഏറ്റെടുക്കാനുള്ള തീരുമാനം. കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ്, പാലാട്ട്, സ്കളൂകള്‍, മലപ്പുറത്തെ മങ്ങാട്ടുമുറി എം.എല്‍.പി സ്കൂള്‍, തൃശൂരിലെ കീഴാലൂര്‍ പി.എം.എല്‍.പി സ്കൂള്‍ എന്നിവ ഏറ്റടെുക്കാനാണ് തീരുമാനിച്ചിരുന്നത്. നിയമസഭയിയില്‍ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ ജൂലൈ 27ഓടെ സ്കൂളുകള്‍ ഏറ്റെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഏറ്റവുമൊടുവിലായി വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് പുറത്തിറങ്ങിയ ഉത്തരവ് അനുസരിച്ച് സ്കൂളുകള്‍ ഏറ്റെടുക്കുന്നതിന് നഷ്‌ടപരിഹാരം നിശ്ചയിക്കുന്നതിനായി സമയം വേണമെന്നും, ഇക്കാര്യത്തില്‍ തീരുമാനമാകുമ്പോള്‍ മുതല്‍ മാത്രമേ സ്കൂളുകള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നുമാണ്. അങ്ങനെയെങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ കാലതാമസമെടുക്കും. എന്നാല്‍ കോഴിക്കോട്ടെ മലാപ്പറമ്പ് സ്കൂളിന്റെ കാര്യത്തില്‍ നടപടിക്രമങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ടെന്ന് ജില്ലാകളക്ടര്‍ പറയുന്നു.

ഇപ്പോഴത്തെ മാര്‍ക്കറ്റ് വില സ്ഥലത്തിന് നല്‍കി, മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം മാനേജര്‍ അംഗീകരിച്ചിട്ടില്ല. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. മലാപ്പറമ്പ് സ്കൂള്‍ ഇത്തരത്തില്‍ നിയമക്കുരുക്കില്‍പെടുമ്പോള്‍ മറ്റ് സ്കൂളുകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. സ്ഥലവില നിശ്ചയിക്കുന്നതിനായുള്ള ഹിയറിങ് പോലും പലയിടങ്ങളിലും അനിശ്ചിതത്വത്തിലാണെന്നാണ് അറിയുന്നത്.