തിരുവനന്തപുരം: സര്‍ക്കാര്‍മേഖലയിലെ ആദ്യ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യൂണിറ്റ് പൂട്ടിയിട്ട് ഒന്നരവര്‍ഷം . അപാകതകൾ കണ്ടെത്തിയതിനെത്തുടർന്നാണ് പൂട്ടിയതെന്നാണ് വിശദീകരണമെങ്കിലും ഇതുവരെ ഒന്നും പരിഹരിച്ചിട്ടില്ല . ശസ്ത്രക്രിയക്കായി എത്തുന്നവരെ സ്വകാര്യ മേഖലയിലേക്ക് പറഞ്ഞയക്കുകയാണിപ്പോള്‍. ഇതുമായി ബന്ധപ്പെട്ട് നിയമിച്ച അനസ്തീഷ്യ ഡോക്ടര്‍മാരുടെ ശമ്പളത്തിന് ഉള്‍പ്പടെ ഒരു വര്‍ഷം ചെലവഴിക്കുന്നത് കോടികളാണ് . ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലുസീവ്.
വെള്ളറട സ്വദേശി രാജേഷ് കുമാര്‍ . ഗുരുതര കരള്‍ രോഗം ബാധിച്ച് കരള്‍ മാറ്റിവയ്ക്കാനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയപ്പോള്‍ അവര്‍ കയ്യൊഴിഞ്ഞു . കരള്‍ മാറ്റി വയ്ക്കണമെങ്കില്‍ സ്വകാര്യ മേഖലയെ ആശ്രയിക്കണമെന്ന ഉപദേശവും നല്‍കി. വീടുള്‍പ്പെടെ ഉള്ളതെല്ലാം വിറ്റുപെറുക്കി സ്വകാര്യ മേഖലയില്‍ പോയി ശസ്ത്രക്രിയ നടത്തി .
ഗുരുതര കരള്‍ രോഗം ബാധിച്ച സുദര്‍ശന്‍. സ്വകാര്യ മേഖലയെ ആശ്രയിക്കാന്‍ പോംവഴി ഇല്ലാത്തതിനാല്‍ സര്‍ക്കാരിന്‍റെ കനിവ് കാത്തിരിക്കുന്നു . സുദര്‍ശനെപ്പോലെ സര്‍ക്കാരിന്‍റെ ദയ കാത്തിരുന്ന് ജീവന്‍ പൊലിഞ്ഞത് 9പേര്‍ക്കാണ് . രജിസ്റ്റര്‍ ചെയ്തിരുന്ന മറ്റ് രോഗികള്‍ സ്വകാര്യ കടംവാങ്ങിയും വിറ്റുപെറുക്കിയും സ്വകാര്യ മേഖലയിലേക്ക് പോയി.
ഇതോടെ പുതിയ രജിസ്ട്രേഷനും നിര്‍ത്തിവച്ചു, യുഡിഎഫ് സര്‍ക്കാരിന്‍റെ 676 മിഷനില്‍ ഉള്‍പ്പെടുത്തി കോടികള്‍ ചെലവഴിച്ചാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തില്‍ സർക്കാർ മേഖലയിലെ ആദ്യ കരള്‍ മാറ്റ ശസ്ത്രക്രിയ യൂണിറ്റ് തുടങ്ങിയത് . 2016 മാര്‍ച്ച് 23 ന് ആദ്യ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടന്നു. എന്നാല്‍ അണുബാധയെത്തുടര്‍ന്ന് രോഗി മരിച്ചു.
ആദ്യശസ്ത്രക്രിയ ഫലം കാണാത്തതോടെ നേതൃത്വം നല്‍കേണ്ട ഡോക്ടര്‍മാരടക്കം പിന്തിരിഞ്ഞു . ഇതിനിടയില്‍ അതിസങ്കീര്‍ണ ശസ്ത്രക്രിയ ചെയ്യാനാവശ്യമായ മെഡിക്കല്‍ പാരാമെഡിക്കല്‍ ജീവനക്കാരുടെ വലിയ കുറവടക്കം പല അപര്യാപ്തകളും കണ്ടെത്തുകയും ചെയ്തു. എന്നാലിത് പരിഹരിക്കാന്‍ ഒരു ശ്രമവും ഇതുവരേയും ഉണ്ടായിട്ടില്ല.
ഇതിന്‍റെ ഭാഗമായി നിയമിച്ച 36 ജീവനക്കാരില്‍ 4 അനസ്തീഷ്യ ഡോക്ടര്‍മാരെ മാത്രം നിലനിര്‍ത്തി ബാക്കി ഉള്ളവരെ പിരിച്ചുവിട്ടു. ഈ ഡോക്ടര്‍മാരുടെ ശമ്പളം 75000 രൂപ. ഈ യൂണിറ്റിനായി അനുവദിച്ചു നല്‍കിയ തുക തീര്‍ന്നതിനാല്‍ ഒരു കോടി 41 ലക്ഷം രൂപ അനുവദിക്കണമെന്ന ആവശ്യവുമായി പ്രിന്‍സിപ്പല്‍ സര്‍ക്കാരിലേക്ക് കത്തയച്ചിട്ടുമുണ്ട്.
