ചരിത്രപരമെന്ന് അവകാശപ്പെട്ട ഉത്തരവിറക്കി ക്രെഡിറ്റ് നേടാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഒടുവില്‍ വെട്ടിലായി. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ എംബിബിഎസ് സീറ്റുകളിലും ഏകീകൃത പ്രവേശനമാണ് ഉചിതമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് മുഴുവന്‍ സീറ്റും ഏറ്റെടുത്ത് ഉത്തരവിറക്കി. എന്നാല്‍ മാനേജ്മെന്‍റ് സീറ്റില്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ക്കുള്ള അവകാശം സംബന്ധിച്ച സുപ്രീം കോടതിയുടെ പല ഉത്തരവുകള്‍ സര്‍ക്കാര്‍ മറികടന്നത് തിരിച്ചടിയായി. 

കോടതി വിധി സ്വാഗതം ചെയ്ത മെഡിക്കല്‍ മാനേജ്മെന്‍റ് അസോസിയേഷന്‍, തുടര്‍ന്നും സഹകരിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, 
സര്‍ക്കാരും മാനേജ്മെന്റുകളും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മാനേജ്മെന്റുകള്‍ക്ക് അനുകൂലമായ ഉത്തരവ് വന്നെങ്കിലും പ്രവേശനത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. വിവിധ മാനേജ്മെന്റ് അസോസിയേഷനുകളുടേയും സര്‍ക്കാറിന്റെയും ജയിംസ് കമ്മിറ്റിയുടേയും തുടര്‍ നിലപാടുകള്‍ പ്രവേശനത്തില്‍ നിര്‍ണ്ണായകമാകും.