ഉടൻ അന്വേഷണം വേണമെന്ന് കോൺഗ്രസ് ‘പ്രധാനമന്ത്രിയാണ് വില പുറത്തു വിടാത്തത്’
ദില്ലി: റഫാൽ യുദ്ധവിമാന ഇടപാടിൽ വൻകുംഭകോണമെന്ന ആരോപണം പാർലമെൻറിനു പുറത്തും ഉന്നയിച്ച് കോൺഗ്രസ്. വില പുറത്തുവിടാതിരിക്കാൻ പ്രതിരോധമന്ത്രാലയത്തിന് നിർദ്ദേശം നല്കിയത് പ്രധാനമന്ത്രിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. എകെ ആൻറണിയും വില മറച്ചുവച്ചതിന് തെളിവുകൾ പുറത്തുവിട്ട് ബിജെപി തിരിച്ചടിച്ചു.
മുൻപ്രതിരോധ മന്ത്രി എകെ ആൻറണി, ആനന്ദ് ശർമ്മ എന്നിവരെ രംഗത്തിറക്കയാണ് കോൺഗ്രസ് നീക്കം ശക്തമാക്കുന്നത്. 2008-ൽ രഹസ്യവ്യവസ്ഥയ്ക്കുള്ള ഫ്രഞ്ച് കരാർ ഒപ്പു വയ്ക്കുമ്പോൾ റഫാൽ യുദ്ധവിമാനം വാങ്ങാൻ തീരുമാനമില്ല. വില പുറത്തു വിടരുതെന്ന് കരാറിൽ ഒരിടത്തും എഴുതിയിട്ടില്ല. ഫ്രഞ്ച് കമ്പനിക്ക് ഇന്ത്യയിൽ 30 ശതമാനം നിക്ഷേപം എന്നത് പുതുക്കിയ കരാറിൽ 50 ശതമാനമായി ഉയർത്തി. ഇന്ത്യൻ പങ്കാളിയായി പ്രവർത്തനപരിചയമില്ലാത്ത കമ്പനിയെ തെരഞ്ഞെടുത്തത് സ്വജനപക്ഷപാതം.
കരാറിലൊരിടത്തും സ്വകാര്യ കമ്പനിയുടെ പേരില്ലെന്നാണ് സർക്കാരിൻറെ പ്രതിരോധം. അടിസ്ഥാന വിലയായി ഒരു വിമാനത്തിന് നല്കിയത് 670.32 കോടി രൂപ. ഇതിനു പുറമെയുള്ള സാങ്കേതികവിദ്യയും ചെലവും പുറത്തുവിടാനാവില്ല. ചില ഇടപാടുകളുടെ വില എകെ ആൻറണിയും മറച്ചു വച്ചിരുന്നു. തെരഞ്ഞെടുപ്പിൽ റഫാൽ വലിയ ആയുധമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
