സംസ്ഥാനത്തെ അ‌ഞ്ചുലക്ഷം ഏക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വെച്ച വമ്പന്‍മാര്‍ക്കെതിരായ കേസുകള്‍ തുടരുന്നതിനിടെയാണ് ഇടതുസര്‍ക്കാര്‍ സുശീലാ ഭട്ടിനു പകരം പുതിയ സ്‌പെഷല്‍ ഗവ പ്ലീഡറെ നിയമിച്ചത്. എന്നാല്‍ പുതിയൊരു സര്‍ക്കാര്‍ ഉത്തരവ് വരും വരെ സാങ്കേതികമായി ഈ കേസുകളുടെ അഭിഭാഷക സുശീലാ ഭട്ട് തന്നെയാണെന്നാണ് വാദം. 2012ല്‍ മന്ത്രിസഭാ തീരൂമാനപ്രകാരം പ്രത്യേക ഉത്തരവിലൂടെയാണ് സുശീലാ ഭട്ടിനെ സംസ്ഥാനത്തെ മുഴുവന്‍ ഭൂമി കേസുകളും ഹൈക്കോടതിയില്‍ കൈകാര്യം ചെയ്യുന്നതിനായി യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചത്. ഹാരിസണ്‍, ടാറ്റ അടക്കം വിവിധ കേസുകളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ വ്യത്യസ്ഥ നിലപാട് സ്വീകരിക്കുന്നെന്നും ഇത് സംസ്ഥാന സര്‍ക്കാരിന് കോടതിയില്‍ മാനക്കേടുണ്ടാക്കുന്നെന്നുമുള്ള തിരിച്ചറിവിലായിരുന്നു ഉത്തരവ്. 

റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിന്റെ പര്‍പ്പ് നിയമ, ആഭ്യന്തര, വിജലന്‍സ്, വനം, ധനകാര്യം, തൊഴില്‍, നികുതി വകുപ്പുകള്‍ക്കും കൈമാറിയിരുന്നു. അതായത് പുതിയ സര്‍ക്കാര്‍ അഭിഭാഷകരെ വനം, റവന്യൂ കേസുകള്‍ക്കായി നിയമിച്ചെങ്കിലും ടാറ്റയും ഹാരിസണും അടക്കം വമ്പന്‍മാര്‍ക്കെതിരായ ഭൂമി കേസുകളില്‍നിന്ന് സുശീലാ ഭട്ടിനെ ഒഴവാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കേണ്ടതായിവരും.