മുറ്റത്തെ മുല്ലക്ക് മറ്റന്നാള്‍ തുടക്കം കൊള്ളപ്പലിശക്കാരെ ഒതുക്കാനുള്ള പദ്ധതി 12 ശതമാനം പലിശക്ക് വായ്പ കുടുംബശ്രീ മുഖേന നടപ്പാക്കും പ്രാഥമിക കാര്‍ഷിക സഹകരണങ്ങള്‍ പണം നല്‍കും
പാലക്കാട്: സംസ്ഥാന സര്ക്കാരിന്റെ ലഘു ഗ്രാമീണ വായ്പാ പദ്ധതിയായ മുറ്റത്തെ മുല്ല, മറ്റന്നാള് പാലക്കാട്ട് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങും. കൊള്ളപ്പലിശക്കാരില് നിന്ന് സാധാരണക്കാരെ രക്ഷിക്കാനുള്ള പദ്ധതിയാണിതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
സംസ്ഥാനത്ത് ഗ്രാമീണ തലത്തില് ആയിരത്തി അഞ്ഞൂറിലേറെ പ്രാഥമിക കാര്ഷിക സഹകരണ സംഘങ്ങളുണ്ട്. എന്നിട്ടും ബ്ലേഡ് പലിശക്കാരുടെയും സ്വകാര്യ മൈക്രോഫിനാന്സ് കമ്പനികളുടേയും ചൂഷണത്തിന് കുറവില്ല. ഈ സാഹചര്യത്തിലാണ് കുടുംബശ്രീ മുഖേന മുറ്റത്തെ മുല്ല പദ്ധതി നടപ്പാക്കുന്നത്.
വായ്പ നല്കാന് ആവശ്യമായ പണം കുടുംബശ്രീ യൂണിറ്റുകള്ക്ക് ഒന്പത് ശതമാനം പലിശ നിരക്കില് അനുവദിക്കും. കുടുംബശ്രീ അംഗങ്ങള് വീടുകളില് എത്തി വായ്പ നല്കും . ആഴ്ചതോറും വീടുകളിലെത്തി തിരിച്ചടവ് തുക സ്വീകരിക്കും. 1000 രൂപ മുതല് 25000 രൂപ വരെയാണ് ഒരാള്ക്ക് വായ്പയായി നല്കുക. 12 ശതമാനം പലിശയാണ് ഈടാക്കുന്നത്. മൂന്ന് ശതമാനം പലിശ ഇടപാട് നടത്തുന്ന കുടംബശ്രീ യൂണിറ്റിന് എടുക്കാവുന്നതാണ്.
പരമാവധി ഒരു വര്ഷമാണ് വായ്പ തിരിച്ചടയ്ക്കാനുള്ള കാലപരിധി. തിരിച്ചടവ് മൂന്ന് മാസത്തിലധികം മുടങ്ങുന്ന പക്ഷം, പ്രാഥമിക സംഘത്തിലെ വായ്പക്കാരനായി മാറ്റി കുടുംബശ്രീ യൂണിറ്റുകള്ക്ക് ബാധ്യതയില്നിന്ന് ഒഴിവാകാം. പാലക്കാട്ട് പരീക്ഷണാടിസ്ഥാനത്തില് നടപ്പാക്കുന്ന പദ്ധതി വിജയിച്ചാല് സംസ്ഥാന വ്യാപകമായി നടപ്പാക്കും.
