രാജ്യത്തെ ഒരു സര്‍ക്കാര്‍ ഓഫീസിന്റെ സ്ഥിതിയാണിത്. എല്ലാ ഉദ്ദ്യോഗസ്ഥരും ഇവിടെ ഹെല്‍മറ്റ് ധരിച്ച് മാത്രമേ ഇരിക്കാറുള്ളൂ. ഉദ്ദ്യോഗസ്ഥര്‍ മാത്രമല്ല, എന്തെങ്കിലുമൊക്കെ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്ന പൊതുജനങ്ങളും കഴിയുന്നവരൊക്കെ ഓരോ ഹെല്‍മറ്റും കൈയ്യില്‍ കരുതും. മറ്റൊന്നിനുമില്ല, സ്വന്തം തല പോകാതിരിക്കാനാണ് ഈ കഷ്ടപ്പാടൊക്കെ.

ബീഹാറിലെ ഈസ്റ്റ് ചമ്പാരാന്‍ ജില്ലയിലെ ലാന്റ് റെക്കോര്‍ഡ് വകുപ്പ് ഓഫീസിലാണീ ദുരവസ്ഥ. വല്ലപ്പോഴും മഴ പെയ്താല്‍ വെള്ളം കെട്ടിടത്തിന് മുകളില്‍ കെട്ടി നിന്ന് താഴേക്ക് വീണുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ മഴസമയത്ത് ഓഫീസിലെത്തുന്നവര്‍ കുടകൂടി കരുതണം. മഴവെള്ളം സാരമില്ലെന്നുവെച്ചാല്‍ തന്നെ, കെട്ടിടത്തിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണുകൊണ്ടിരിക്കുകയാണ്. കോണ്‍ക്രീറ്റ് കഷണങ്ങള്‍ തലയില്‍ വീണ് ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പരിക്കേല്‍ക്കുന്നത് പതിവായപ്പോഴാണ് ഇത്തരമൊരു മാര്‍ഗ്ഗം സ്വീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്ന് ജീവനക്കാര്‍ പറയുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടം ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണ്. എന്നിട്ടും ഓഫീസ് ഇവിടെ നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ജോലി ചെയ്യാതിരിക്കാന്‍ പറ്റാത്തത് കൊണ്ട് ഹെല്‍മറ്റ് ധരിച്ച് വരുന്നതാണെന്നും ജീവനക്കാര്‍ പറയുന്നു.