കോഴിക്കോട്: പുതിയ മദ്യനയം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉന്നയിച്ച വിനോദ സഞ്ചാര മേഖലയിലെ മാന്ദ്യം ഒന്നാംവര്‍ഷത്തില്‍ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടിലെ അവകാശവാദത്തിന് കടകവിരുദ്ധം. വിനോദ സഞ്ചാരമേഖലക്ക് തിരിച്ചടിയാകുന്നുവെന്ന കാരണം കൂടി പറഞ്ഞാണ് ബാറുകള്‍ തുറക്കാന്‍ തീരുമാനിച്ചതെങ്കിലും, അടച്ചിട്ട ഒരു വര്‍ഷത്തിനുള്ളില്‍ ഏഴ് ശതമാനത്തോളം വിനോദ സഞ്ചാരികള്‍ കൂടുതലായി ഇവിടേക്ക് എത്തിയെന്നാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്

ബാറുകള്‍ പൂട്ടിയത് വിനോദ സ‍ഞ്ചാരികളുടെ വരവ് കുറച്ചെന്നായിരുന്നു ഇടത് മുന്നണിയും സര്‍ക്കാരും ആവര്‍ത്തിച്ചിരുന്നത്. ഇത് വഴി സാമ്പത്തിക വളര്‍ച്ചക്കും തിരിച്ചടിയുണ്ടായി. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിനിടെ ഇക്കാര്യം ഒരിക്കല്‍ കൂടി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍ ഇക്കഴിഞ്ഞ അഞ്ചാം തീയ്യതി സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത് കാണുക. വിനോദ സഞ്ചാര മേഖലയിലെ വികസനത്തെ കുറിച്ച് വാചാലമാകുന്നിടത്ത് സര്‍ക്കാര്‍ ഉന്നയിക്കുന്ന അവകാശവാദം ഇങ്ങനെയാണ്. വിനോദ സഞ്ചാര മേഖലയില്‍ കാര്യക്ഷമമായ ആഗോള മാര്‍ക്കറ്റിങ് നടത്തിയതിന്റെ ഫലമായി 10,38,419 വിനോദസഞ്ചാരികള്‍ ഇവിടേക്ക് വന്നു. അതായത് മുന്‍ വര്‍ഷത്തേക്കാള്‍ 60,940 പേര്‍ അധികം എത്തി. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 5.67 ശതമാനം വര്‍ദ്ധന ഉണ്ടായെന്നും പ്രോഗ്രസ് കാര്‍ഡ് അവകാശപ്പെടുന്നു. യുഡിഎഫിന്റെ മദ്യനയവും നോട്ട് നിരോധനവും സൃഷ്‌ടിച്ച പ്രതിന്ധികള്‍ക്കിടെയാണ് ഈ വളര്‍ച്ച കൈവരിച്ചതെന്നും സര്‍ക്കാര്‍ അടിവരയിടുന്നുണ്ട്. കണക്കുകള്‍ ഇങ്ങനെയാണെന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ സര്‍ക്കാര് പറയുമ്പോള്‍ പിന്നെ വിനോദ സഞ്ചാരികള്‍ കേരളത്തെ കൈവിടുന്നുവെന്ന വിലാപം എന്തിനായിരുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്.