ഇന്ത്യയിലാദ്യമായാണ് മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിനുളള മാര്‍ഗരേഖ പുറത്തിറക്കുന്നത്. 

തിരുവനന്തപുരം: മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഇന്ത്യയിലാദ്യമായാണ് മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിനുളള മാര്‍ഗരേഖ പുറത്തിറക്കുന്നത്. എല്ലാവിധ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷവും ജീവിതത്തിലേക്ക് തിരികെവരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ഉറപ്പു വരുത്തുകയാണ് ഈ മാര്‍ഗരേഖയിലൂടെ ലക്ഷ്യമിടുന്നതെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. 

മസ്തിഷ്കമരണം നാല് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചാല്‍ മാത്രമേ ഉറപ്പിക്കാനാകൂ എന്ന് സംസ്ഥാന സര്‍ക്കാറിന്‍‌റെ മാര്‍ഗരേഖയില്‍ പറയുന്നു. നാല് ഡോക്ടര്‍മാരില്‍ ഒരാള്‍ സര്‍ക്കാര്‍ ഡോക്ടര്‍ ആയിരിക്കണം. ഈ സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തില്‍ 6 മണിക്കൂര്‍ ഇടവിട്ട് 2 ഘട്ടങ്ങളിലായി ആപ്നിയോ ടെസ്റ്റ് നടത്തിയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കേണ്ടത്. 

സ്വന്തമായി ശ്വാസമെടുക്കാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ശാസ്ത്രീയമായി പരിശോധിക്കുന്നതാണ് ആപ്നിയോ ടെസ്റ്റ്. ഇതിലൂടെ ജീവിതത്തിലേക്ക് തിരികെ വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കാന്‍ പാടുള്ളൂ.