എറണാകുളം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ കിട്ടാതെ പെന്‍ഷന്‍കാര്‍ ജീവനൊടുക്കുന്നത് തുടരുമ്പോഴും പ്രതിസന്ധി പരിഹരിക്കാന്‍ ഒരു വഴിയും കാണാതെ സര്‍ക്കാരും കെഎസ്ആര്‍ടിസിയും. 

കെഎസ്ആര്‍ടിസി ഡ്രൈവറായിരുന്ന ഭര്‍ത്താവ് മാധവന്‍ മരിച്ചതിനെ തുടര്‍ന്ന് കിട്ടിക്കൊണ്ടിരുന്ന കുടുംബ പെന്‍ഷനായിരുന്നു തങ്കമ്മയുടെ ഏക വരുമാനം. കഴിഞ്ഞ 5 മാസമായി അതും മുടങ്ങി. നിത്യച്ചെലവിന് പോലും പണമില്ല. ഇന്നലെ ഉച്ചയോടെയാണ് തങ്കമ്മ തൂങ്ങി മരിച്ചത്. പെന്‍ഷന്‍ കിട്ടാതെ എങ്ങനെ മുന്നോട്ടു പോകുമെന്ന ആശങ്കയിലായിരുന്നു തങ്കമ്മയെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുടുംബ പെന്‍ഷന്‍ കിട്ടാതെ ആത്മഹത്യ ചെയ്ത കൂത്താട്ടുകുളം സ്വദേശി തങ്കമ്മയുടെ മൃതദേഹം സംസ്‌കരിച്ചു. 

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പെന്‍ഷന്‍ കിട്ടാത്ത മനോവിഷമത്തില്‍ ഇതുവരെ ആറു പേര്‍ ആത്മഹത്യ ചെയ്‌തെന്നാണ് പെന്‍ഷന്‍കാരുടെ സംഘടനകള്‍ പറയുന്നത്. 60 കോടിയാണ് ഒരു മാസത്തെ പെന്‍ഷന് വേണ്ടത്. 38,000 ത്തോളം പെന്‍ഷന്‍കാരണുള്ളത്. മാസം 175 കോടി കടത്തിലാണ് കെ.എസ്.ആര്‍.സി. ഓടുന്നത്. സര്‍ക്കാര്‍ സഹായത്തിലാണ് കഴിഞ്ഞ മാസങ്ങളില്‍ ശമ്പളം കൊടുത്തത്. വായ്പാ തിരച്ചടവിനും മറ്റു ചെലവുകള്‍ക്കും വരുമാനം മാറ്റിയതോടെ പെന്‍ഷന് പണമില്ലാതെയായി. 

വീട്ടമ്മ ജീവനൊടുക്കിയ സംഭവമെങ്കിലും സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പെന്‍ഷന്‍ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂത്താട്ടുകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.