Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ പൊലീസ് പ്രകോപനമുണ്ടാക്കിയിട്ടില്ല, യഥാര്‍ത്ഥ ഭക്തര്‍ക്ക് പ്രശ്നമില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ശബരിമലയിലെ അക്രമ സംഭവങ്ങൾ സുപ്രീംകോടതിവിധിക്കെതിരെയാണെന്ന് സർക്കാർ. ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്‍കി. ശബരിമലയില്‍ പൊലീസ് പ്രകോപനം ഉണ്ടാക്കിയിട്ടില്ലെന്നും യഥാർത്ഥ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങളില്ലെന്നും സര്‍ക്കാര്‍.

government says in high court  the violence in Sabarimala is against Supreme Court verdict
Author
Kochi, First Published Nov 23, 2018, 11:22 AM IST

സന്നിധാനം: ശബരിമലയിലെ അക്രമസംഭവങ്ങൾ സർക്കാരിന് എതിരെയല്ല, സുപ്രീംകോടതി വിധിക്കെതിരാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശബരിമലയില്‍ പൊലീസ് പ്രകോപനം ഉണ്ടാക്കിയിട്ടില്ലെന്നും യഥാർത്ഥ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങളില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ചിത്തിര ആട്ടവിശേഷ സമയത്ത് പ്രശ്നമുണ്ടാക്കിയവർ തന്നെ മണ്ഡലകാലത്തും എത്തി. ഇതിന് തെളിവായുള്ള ദൃശ്യങ്ങളും സർക്കാർ കോടതിയിൽ ഹാജരാക്കി.

യഥാർത്ഥ ഭക്തരെ ആക്രമിച്ചു എന്ന് ഒരു പരാതിയും ഇതുവരെ എത്തിയിട്ടില്ല. നടപ്പന്തലിൽ വെള്ളമൊഴിച്ച് കഴുകുന്ന പതിവ് നേരത്തെയും ഉണ്ടായിട്ടുണ്ട്. ഭക്തർ കിടക്കാതിരിക്കാനാണ് നടപ്പന്തലിൽ വെളളമൊഴിച്ചതെന്ന ആരോപണം തെറ്റാണ്. മുൻപും വെള്ളമൊഴിച്ച് കഴുകിയെന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളും സർക്കാർ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. നടപ്പന്തലിൽ വിരിവയ്ക്കാൻ അനുവദിക്കാത്തത് പ്രത്യേക സാഹചര്യം മൂലം നടപ്പന്തൽ പ്രതിഷേധക്കാരുടെ താവളമാക്കി മാറ്റാൻ ആവില്ല ഇവിടെ പ്രശ്നമുണ്ടായാൽ എല്ലാ വഴികളും അടയും. ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയ ക്രിമിനലുകളെയാണ് സർക്കാർ അറസ്റ്റ് ചെയ്തതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലമാണ് ബേസ് ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റിയത്. പ്രളയം മൂലം പമ്പയിൽ വലിയ തകർച്ചയാണുണ്ടായത്. ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റിയതും സുപ്രീം കോടതി വിധിയുമായി ബന്ധമില്ലെന്നും സര്‍ക്കാര്‍ കോടിയില്‍ വ്യക്തമാക്കി. ശബരിമലയിൽ അക്രമം നടത്തിയ പൊലീസുക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ശബരിമല ആചാര്യ സംരക്ഷണ സമിതി ചെയർമാൻ അനോജ് കുമാർ സമർപ്പിച്ച ഹർജിയും ഇന്ന് കോടതിയുടെ പരിഗണയിലുണ്ട്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച ദേവസ്വം ബഞ്ച് പൊലീസ് അതിക്രമങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ട ടിജി മോഹന്‍ദാസിന്‍റെ ഹര്‍ജിയില്‍ വാദം തുടരും. ശബരിമല മതേതര ക്ഷേത്രമാണെന്നും അഹിന്ദുക്കളെ വിലക്കനാകില്ലെന്നും സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ചിത്തിര ആട്ട വിശേഷ കാലത്ത് ശബരിമലയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള സ്പെഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലല്ലെന്ന റിപ്പോര്‍ട്ട്, എന്നിവയും ഡിവിഷന്‍ ബഞ്ചിന്‍റെ പരിഗണനയിലുണ്ട്. ശബരിമലയിലെ അനിഷ്ട സംഭവങ്ങളില്‍ ദേവസ്വം ഓംബുഡ്മാന്‍റെ അന്വേഷണം ആവശ്യപ്പെട്ടതാണ് കോടതിയിലെത്തുന്ന മറ്റൊരു ഹര്‍ജി. അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മ ചൂണ്ടികാട്ടി പിസി ജോർജ്ജ് എം.എൽ.എ സമര്‍പ്പിച്ച ഹര്‍ജിയും ദേവസ്വം ബഞ്ച് ഇന്ന് പരിഗണിക്കും. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന പ്രയാർ ഗോപാലകൃഷ്ണന്റെ ഹർജിയും ഇന്നു ഹൈകോടതിയുടെ പരിഗണനയ്ക്ക് എത്തും

Follow Us:
Download App:
  • android
  • ios