ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ കേന്ദ്രം പ്രത്യേക നിയമം കൊണ്ടുവരാന്‍ സമിതി

ദില്ലി: രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ പ്രത്യേക നിയമം കൊണ്ടുവരാന്‍ നടപടിയ്ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഉന്നതതല സമിതിയെ കേന്ദ്രം നിയോഗിച്ചു. നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. അഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. 

രാജസ്ഥാനിലെ ആള്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് ഒരാളെ തല്ലിക്കൊന്ന സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഇതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ ആള്‍ക്കൂട്ടം യുവതിയെം തല്ലിക്കൊന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. 

മധ്യപ്രദേശിലെ സിങ്ക്രോളിയിലാണ് യുവതിയെ ആൾക്കൂട്ടം ശനിയാഴ്ച തല്ലിക്കൊന്നത്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നുവെന്ന് വാട്സ്ആപ്പിൽ പ്രചരിപ്പിച്ച ശേഷമായിരുന്നു ആക്രമണം. രണ്ട് ദിവസത്തിന് ശേഷമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.