ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന് കീ‍ഴില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ പദ്ധതിയാണ് ജനനീ ജന്മ സുരക്ഷ. പദ്ധതി അനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തിനെത്തുന്നവരുടെ ചികിത്സയും കുട്ടിയുടെ ചികിത്സയും പൂര്‍ണമായും സൗജന്യമായിരുന്നു. പ്രസവശേഷം വീട്ടിലേക്ക് പോകുമ്പോ‍ഴും പ്രസവിച്ച് 30 ദിവസത്തിനകം ചികിത്സക്കായി ആശുപത്രികളിലെത്തുമ്പോഴുമെല്ലാം 500 രൂപയും കുട്ടിക്ക് അസുഖമുണ്ടെങ്കില്‍ ഒരു മാസം വരെ സൗജന്യ ചികില്‍സയും ഇതനുസരിച്ച് ലഭ്യമാകുകയും ചെയ്തിരുന്നു. മാതൃശിശു മരണ നിരക്ക് കുറയ്‌ക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയാണ് പടിപടിയായി നിര്‍ത്തലാക്കുന്നത്.

സാധാരണ പ്രസവം ക‍ഴിഞ്ഞ് ആശുപത്രിയില്‍ കിടക്കുന്ന മൂന്നുദിവസവും സിസേറിയനാണെങ്കില്‍ ഏഴ് ദിവസവും ഭക്ഷണം സൗജന്യമായി നല്‍കുമായിരുന്നു. ഇതും യാത്രാ ആനുകൂല്യവുമാണ് ആദ്യം നിര്‍ത്തലാക്കി ഉത്തരവിറങ്ങിയത്. എന്‍.ആര്‍.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫിസര്‍മാര്‍ വ‍ഴി ആശുപത്രികള്‍ക്ക് നല്‍കിയിരുന്ന ഫണ്ടില്‍ നിന്നാണ് ഈ തുക നല്‍കിയിരുന്നത്. ഈ വര്‍ഷത്തെ ഫണ്ടില്‍ കേന്ദ്രം അതിനുള്ള പണം അനുവദിക്കാത്തതാണ് ആനുകൂല്യങ്ങള്‍ നിര്‍ത്താന്‍ കാരണമെന്ന് എന്‍.ആര്‍.എച്ച്.എം അധികൃതര്‍ പ്രതികരിച്ചു. പകരം സംവിധാനം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരും തയാറായിട്ടില്ല. പദ്ധതിയിലെ ആനുകല്യങ്ങള്‍ വെട്ടിക്കുറയ്‌ക്കുന്നത് തിരിച്ചടിയാകുന്നത് ആദിവാസി മേഖലകളിലടക്കമാണ്.