Asianet News MalayalamAsianet News Malayalam

ഹൈക്കോടതിയിൽ കുഞ്ഞനന്തന് സർക്കാർ പിന്തുണ: പരോൾ നൽകിയത് അച്ചടക്കമുള്ള തടവുകാരനായതിനാൽ

ജയിലിൽ വച്ച് ഇതുവരെ കുഞ്ഞനന്തനെതിരെ അച്ചടക്ക നടപടി എടുക്കേണ്ടി വന്നിട്ടില്ലെന്നും അതിനാലാണ് പരോൾ അനുവദിച്ചതെന്നും സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ. 

government supports kunjananthan who is the convict of tp chandrasekharan murder case on giving parole
Author
Kochi, First Published Feb 12, 2019, 1:26 PM IST

കൊച്ചി: അച്ചടക്കമുള്ള തടവുകാരനായതുകൊണ്ടാണ് ടി പി വധക്കേസിൽ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പി കെ കുഞ്ഞനന്തന് തുടർച്ചയായി പരോൾ നൽകിയതെന്ന് സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ. ഇതുവരെ കുഞ്ഞനന്തനെതിരെ അച്ചടക്കനടപടിയെടുക്കേണ്ടി വന്നിട്ടില്ല. രാഷ്ട്രീയപരിഗണന ഇതുവരെ കുഞ്ഞനന്തന്  നൽകിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. കുഞ്ഞനന്തന് പരോൾ നൽകിയതെന്തിനെന്ന് വിശദീകരിച്ച് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാർ കുഞ്ഞനന്തന് പൂർണ പിന്തുണ നൽകുന്നത്.

കുഞ്ഞനന്തൻ പ്രശ്നക്കാരനായ തടവുകാരനല്ല. ശിക്ഷ പറഞ്ഞതിന് ശേഷം ഇത് വരെ കുഞ്ഞനന്തെനെതിരെ അച്ചടക്ക നടപടി എടുക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. ജയിൽ ചട്ടങ്ങൾ അനുസരിച്ചാണ് ഇത് വരെ പരോൾ നൽകിയത്. രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ യാതൊരു ആനുകൂല്യങ്ങളും നൽകിയിട്ടില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

കുഞ്ഞനന്തന് തുടർച്ചയായി പരോൾ നൽകുന്നതിനെതിരെ ടി പി ചന്ദ്രശേഖരന്‍റെ ഭാര്യ കെ കെ രമ നൽകിയ ഹർജിയിലാണ് സർക്കാരിന്‍റെ സത്യവാങ്മൂലം.കഴിഞ്ഞ ബുധനാഴ്ച  കുഞ്ഞനന്തന് ചികിത്സ നടത്താൻ പരോളിന് ആവശ്യമില്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ചികിൽസയ്ക്കായി ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ടി പി കേസിൽ ജയിലിൽ കഴിയുന്ന പി കെ.കുഞ്ഞനന്തൻ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിലപാട് ആവര്‍ത്തിച്ചത്. ശരീരത്തിലെ ഒരു ഭാഗം പോലും അസുഖമില്ലാത്തതില്ലെന്ന് കുഞ്ഞനന്തൻ പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും മികച്ച ചികിൽസ ലഭിക്കുന്നത് മെഡിക്കൽ കോളജുകളില്ലേ എന്ന് കോടതി ചോദിച്ചു.

കുറ്റവാളികൾക്ക് മെഡിക്കൽ കോളജിൽ നിന്ന് എന്ത് ചികിത്സയാണ് ലഭിക്കുന്നതെന്നായിരുന്നു  കുഞ്ഞനന്തന്‍റെ മറുചോദ്യം. ജയിലിൽ ശരിയായ ചികിത്സ ലഭിക്കില്ലെന്നും കുഞ്ഞനന്തൻ കോടതിയിൽ പറഞ്ഞു.  ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പി കെ കുഞ്ഞനന്തൻ കോടതിയിൽ നിരത്തിയ അസുഖങ്ങളെല്ലാം സാധാരണ എല്ലാവർക്കും ഉണ്ടാകുന്നതല്ലേ എന്ന് കോടതി ചോദിച്ചു. ഗുരുതരമായ സന്ധിവേദനയും പ്രമേഹവും അടക്കമുള്ള കാരണങ്ങളാണ് കുഞ്ഞനന്തൻ കോടതിയിൽ പറഞ്ഞത്.

പി കെ കുഞ്ഞനന്തൻ ഏറ്റവും കരുത്തനായ കുറ്റവാളിയാണെന്ന് മുൻ പ്രോസിക്യൂട്ടർ സി കെ ശശീന്ദ്രൻ വാദിച്ചു. ഇപ്പോഴും സജീവ പാർട്ടി പ്രവർത്തകനാണെന്നും സി കെ ശശീന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് സംസ്ഥാനത്തെ മികച്ച ആശുപത്രിയാണ്. സഹായത്തിന് സ്ഥിരം ആളുകളെ ആവശ്യമെങ്കിൽ അക്കാര്യം ബുധനാഴ്ച അറിയിക്കാനും കുഞ്ഞനന്തന് അഭിഭാഷകന് ഹൈക്കോടതിയുടെ നിർദ്ദേശം നൽകിയിട്ടുണ്ട്

കുഞ്ഞനന്തനായി ഹൈക്കോടതിയിൽ വാദിച്ച സർക്കാർ അഭിഭാഷകനെ കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചു. സ്വന്തം രാഷ്ട്രീയം കോടതിയിൽ എടുക്കരുതെന്ന് ഹൈക്കോടതി അഭിഭാഷകനെ ഓർമ്മിപ്പിച്ചു. പരോളിലിറങ്ങി പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ എന്താണ് തെറ്റെന്ന് സർക്കാർ അഭിഭാഷകനെ വാദത്തെയാണ് കോടതി വിമർശിച്ചത്. കുഞ്ഞനന്തന്‍റെ ചികിത്സ പൂർത്തിയാക്കാൻ എത്രകാലം വേണ്ടിവരും എന്ന് അറിയിക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios