നീന്തല്‍ കുളത്തിന് സര്‍ക്കാര്‍ ചെലവ് 40 ലക്ഷം, ഉദ്ഘാടനം നടത്താന്‍ പോലും ആരുമില്ല

കൊല്ലം: പീരങ്കി മൈതാനത്ത് നാല്‍പതു ലക്ഷം ചെലവിട്ട് ദേശീയ ഗയിംസിനായി സര്‍ക്കാര്‍ നിര്‍മിച്ച നീന്തല്‍ക്കുളം കാട് കയറി നശിക്കുന്നു. നീന്തല്‍ക്കുളത്തിന്‍റെ ഉടമസ്ഥാവകാശത്തെ ചൊല്ലി കൊല്ലം നഗരസഭയും സ്പോട്സ് കൗണ്‍സിലും തമ്മിലുള്ള തര്‍ക്കം കാരണം നീന്തൽക്കുളത്തിന്‍റെ ഉദ്ഘാടനം പോലും നടത്താനായില്ല.

തെളിനീര്‍ ഉണ്ടാകേണ്ട സ്ഥലത്ത് മലിനജലം. ഒപ്പം മാലിന്യക്കൂമ്പാരവും.വള്ളിപ്പടര്‍പ്പുകള്‍ കയറി തുരുമ്പെടുത്ത സംരക്ഷണ വേലി. നീന്തല്‍ക്കുളത്തിന്‍റെ കവാടത്തിലുണ്ടായിരുന്ന കൂറ്റൻ ഗ്രില്‍ ആരോ ഇളക്കിക്കൊണ്ട് പോയി. ചുരുക്കം പറഞ്ഞാല്‍ ഇവിടെ സാമൂഹ്യ വിരുദ്ധരുടെ സ്വൈര്യവിഹാര കേന്ദ്രം.

ദേശീയ ഗെയിംസ് കഴിഞ്ഞാലും നഗരത്തിലെ കുട്ടികള്‍ക്ക് സൗജന്യമായി നീന്തല്‍ പഠിപ്പിക്കാമെന്ന ആശയത്തോടെയാണ് കുളം പണിതത്. പക്ഷേ ഒന്നും നടന്നില്ല. നീന്തല്‍ക്കുളത്തിന്‍റെ അവകാശികള്‍ തങ്ങളാണെന്ന് കോര്‍പ്പറേഷൻ പറയുന്നു. അല്ല സ്പോട്സ് കൗണ്‍സിലിന്‍റെ സ്ഥലത്താണ് കുളം സ്ഥിതിചെയ്യുന്നതെന്ന് അവരും അവകാശപ്പെടുന്നു.

നടത്തിപ്പ് ചുമതല സ്വകാര്യ ഏജൻസിക്ക് നല്‍കാൻ കോര്‍പ്പറേഷൻ പ്രതിമാസം 65000 രൂപയ്ക്ക് ടെൻ‍ഡര്‍ നല്‍കി. പക്ഷേ അവിടെയും സ്പോര്‍ട്സ് കൗണ്‍സില്‍ ഉടക്കിട്ടു. സൗജന്യമായി ഏറ്റെടുക്കാൻ അഗ്നിശമന സേന തയ്യാറായെങ്കിലും അതും നടപ്പായില്ല. നോക്കാനാരുമില്ലാത്തതിന്‍റെ പേരില്‍ ലക്ഷങ്ങള്‍ മുടക്കി പണിത സംരഭത്തില്‍ ഒടുവില്‍ മരണമണി മുഴങ്ങുകയാണ്.