മെത്രാന്‍ കായല്‍ ആറന്മുള എന്നീ വിവാഭൂമികളില്‍ കൃഷിയിറക്കുന്നത് സംബന്ധിച്ച് ഈ മാസം പതിനേഴിനകം റിപ്പോര്‍ട്ട് സമ‍ര്‍പ്പിക്കാന്‍ കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമിക്ക് കൃഷിമന്ത്രി നിര്‍ദ്ദേശം നല്‍കി. ഈ മാസം 17ന് കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍ മെത്രാന്‍കായല്‍ സന്ദര്‍ശിക്കും. തീരുമാനത്തെ കക്ഷിഭേദമെന്യേ എല്ലാവരും സ്വാഗതം ചെയ്തു. സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട വിവാദത്തിന് ആസ്‌പദമായ പുത്തന്‍ വേലിക്കരയിലെ ഭൂമിയിലും കൃഷി ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ടിഎന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു

തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് മുന്‍സര്‍ക്കാര്‍ 400 ഏക്കറിലധികം വരുന്ന മെത്രാന്‍ കായല്‍ നികത്താനിറക്കിയ ഉത്തരവ് വിവാദമായതോടെ പിന്‍വലിക്കുകയായിരുന്നു. ആറന്മുമുളയില്‍ 400 ഏക്കറോളം വരുന്ന പാടശേഖരം മിച്ചഭൂമിയാക്കിക്കൊണ്ടുള്ള ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. മാത്രമല്ല ആറന്മുളയില്‍ വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രദേശത്തെ വ്യാവയായമേഖലയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവും നിലനില്‍ക്കുണ്ട്. ഇവയെല്ലാമാണ് സര്‍ക്കാരിന് മുന്നിലുള്ള സാങ്കേതിക തടസ്സങ്ങള്‍. ഏതായാലും സാങ്കേതിക നിയമക്കുരുക്കുകള്‍ മറികടക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലൂടെ കൃഷിവകുപ്പ് പ്രതീക്ഷിക്കുന്നത്.