ഹാരിസണ്‍ മലയാളം ലിമിറ്റഡ് കൈവശം വയ്ക്കുന്ന ഭൂമിയില്‍ സര്‍ക്കാരിന്‍റെ ഉടമസ്ഥത തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത തലത്തില്‍ നടന്ന തര്‍ക്കങ്ങളില്‍ റവന്യൂ മന്ത്രിയുടെ നിലപാട് വിജയം കാണുകയാണ്.

തിരുവനന്തപുരം: ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്‍റെ കൈവശമുളള ഭൂമിയില്‍ ഉടമസ്ഥത തെളിയിക്കാനായി സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിന് നിയമോപദേശം. ഹാരിസണ്‍ മറിച്ചു വിറ്റ തോട്ടങ്ങളുടെ നികുതി ഉപാധികളോടെ സ്വീകരിച്ചാല്‍ മതിയെന്നും നിയമ സെക്രട്ടറി നല്‍കിയ പുതിയ നിയമോപദേശത്തില്‍ പറയുന്നു.

ആദ്യത്തെ നിയമോപദേശത്തില്‍ പിഴവുണ്ടായതിനെത്തുടര്‍ന്ന് റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് നിയമ സെക്രട്ടറി വീണ്ടും നിയമോപദേശം നല്‍കിയത്. ഹാരിസണ്‍ മലയാളം ലിമിറ്റഡ് കൈവശം വയ്ക്കുന്ന ഭൂമിയില്‍ സര്‍ക്കാരിന്‍റെ ഉടമസ്ഥത തെളിയിക്കുന്ന വിഷയത്തില്‍ ഉന്നത തലത്തില്‍ നടന്ന തര്‍ക്കങ്ങളില്‍ റവന്യൂ മന്ത്രിയുടെ നിലപാട് വിജയം കാണുകയാണ്.

ഹാരിസണ്‍ കൈവശം വയ്ക്കുന്ന 38,000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത സ്പെഷ്യല്‍ ഓഫീസര്‍ എം ജി രാജമാണിക്യത്തിന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ സിവില്‍ കോടതികളില്‍ കേസ് ഫയല്‍ ചെയ്യാമെന്നാണ് പുതിയ നിയമോപദേശം. ഒപ്പം ഹാരിസണ്‍ മറിച്ചു വിറ്റ തോട്ടങ്ങളുടെ നികുതി സ്വീകരിക്കുന്നത് സിവില്‍ കോടതികളിലെ വിധിക്കു വിധേയമായിരിക്കുമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്താമെന്നും നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നു. 

ഹാരിസണിന് തോട്ടങ്ങളുളള എട്ട് ജില്ലകളിലെ സിവില്‍ കോടതികളില്‍ കേസ് ചെയ്യാനാകും റവന്യൂ വകുപ്പിന്‍റെ ഇനിയുളള നീക്കം. ഹാരിസണ്‍ ഭൂമി ഏറ്റെടുത്ത സ്പെഷ്യല്‍ ഓഫീസറുടെ നടപടി ഹൈക്കോടതി തളളിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇനി നിയമ യുദ്ധത്തിന് പോകേണ്ടെന്നായിരുന്നു സര്‍ക്കാരിനു ലഭിച്ച ആദ്യത്തെ നിയമോപദേശം. എം ജി രാജമാണിക്യത്തിന്‍റെ നിയമനം തന്നെ കോടതി അസാധുവാക്കിയെന്നും നിയമോപദേശത്തില്‍ ഉണ്ടായിരുന്നു.

എന്നാല്‍ വസ്തുതാപരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് തളളി. ഹൈക്കോടതി വിധിയിലില്ലാത്ത കാര്യങ്ങള്‍ പോലും ഉന്നയിക്കുന്നത് തോട്ടമുടമകളെ സഹായിക്കാനെന്നു പറഞ്ഞ റവന്യൂ മന്ത്രി വീണ്ടും നിയമോപദേശം തേടുകയായിരുന്നു. തര്‍ക്കമുളളതിനാല്‍ വിഷയം മന്ത്രിസഭ ഇതുവരെ പരിഗണിച്ചിട്ടില്ല. അതേസമയം, ഹാരിസണ്‍ കൈവശം വയ്ക്കുന്ന തോട്ടങ്ങളിലെ മരം മുറിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും സര്‍ക്കാരിനു മുന്നിലുണ്ട്. 

നേരത്തെ, വനംവകുപ്പിന്‍റെ പാട്ടഭൂമിയില്‍ നിന്ന് മരംമുറിക്കാനായി തോട്ടമുടമകള്‍ക്ക് സര്‍ക്കാര്‍ വന്‍ ഇളവ് നല്‍കിയിരുന്നു. ഒരു ക്യൂബിക് മീറ്റര്‍ തടി മുറിക്കുപോള്‍ അടയ്ക്കേണ്ടിയിരുന്ന 2500 രൂപയായിരുന്നു തോട്ടമുടമകളുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് മന്ത്രിസഭ വേണ്ടെന്നു വച്ചത്. ഇതു സംബന്ധിച്ച കേസ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.