Asianet News MalayalamAsianet News Malayalam

ഇ-മെയില്‍ ചോര്‍ത്തല്‍ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു

government withdraws e mail case of madhyamam daily
Author
First Published Jul 14, 2017, 12:01 PM IST

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ നിന്നും ഇ-മെയില്‍ ചോര്‍ത്തിയ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. കേസ് പിന്‍വലിക്കാനുള്ള അനുമതി പ്രോസിക്യൂഷന് നല്‍കി സര്‍ക്കാര്‍ കത്തയച്ചു. കത്തിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കേസിലെ പ്രതി മുഖ്യമന്ത്രിക്ക് നല്‍കിയ  നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ആഭ്യന്തര സുരക്ഷയെപ്പോലും സാരമായി ബാധിച്ച സംഭവമായിരുന്നു പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ നിന്നുമുള്ള ഇ-മെയില്‍ ചോര്‍ത്തല്‍. രാജ്യസുരക്ഷയെ ബാധിക്കുന്ന ആശയങ്ങള്‍ പങ്കുവയ്‌ക്കുന്ന ഇ-മെയിലുകള്‍ പരിശോധിക്കാനായി ഇന്റലിജന്‍സ് മേധാവി പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിനു നല്‍കിയ വിവരങ്ങളാണ് ചോര്‍ന്നത്. ഹൈടെക് സ്സിലിലുണ്ടായിരുന്ന എസ്.ഐ ബിജു സലിമാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് ക്രൈം ബ്രാ‍ഞ്ച് കണ്ടെത്തി. ബിജു സലിം ചോര്‍ത്തി നല്‍കിയ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടുകയായിരുന്നു. മതസ്‍പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ ഒരു മതവിഭാഗത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തുന്നവെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ്, രഹസ്യവിവരം ചോര്‍ന്നുവെന്ന കാര്യം പൊലീസ് അറിയുന്നത്. 

തുടര്‍ന്ന് എസ്.ഐയായ ബിജുസലിം ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‍ട്രേറ്റ് കോടതിയില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കേസ് പിന്‍വലിക്കാനായി മുന്‍ സര്‍‍ക്കാരിന്റെ കാലം മുതല്‍ നീക്കം തുടങ്ങിയാണ്. പൊലീസിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് കേസ് പിന്‍വലിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയത്. കേസിലെ അഞ്ചാം പ്രതിയായ മാധ്യമം പത്രത്തിന്റെ എഡിറ്റര്‍ ഒ. അബ്ദുറഹ്‍മാന്‍, മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ അപേക്ഷയിന്മേലാണ് ഇപ്പോള്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേസ് പിന്‍വലിക്കാന്‍ അനുവാദം നല്‍കിയ കത്ത് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിക്കഴിഞ്ഞു. കോടതിയില്‍ ഇത് വൈകാതെ അറിയിക്കും.

Follow Us:
Download App:
  • android
  • ios