ഇടുക്കി: ഭവന പദ്ധതിക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ് പദ്ധതി തോട്ടംതൊഴിലാളികളുടെ ലൈഫിലെത്താന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. നിലവില്‍ മൂന്നാര്‍, മാട്ടുപ്പെട്ടി പഞ്ചായത്തുകളില്‍ ഒമ്പതിനായിരത്തിലധികം അപേക്ഷകള്‍ ലഭിച്ചെങ്കിലും ഭൂമിയില്ലെന്ന കാരണത്താല്‍ പദ്ധതി തന്നെ പഞ്ചായത്ത് ഉപേക്ഷിച്ചിരിക്കുകയാണ്. 

മൂന്നാര്‍ പഞ്ചായത്തില്‍ 4899 അപേക്ഷയും, മാട്ടുപ്പെട്ടി പഞ്ചായത്തില്‍ 4000 അപേക്ഷയുമാണ് ലഭിച്ചത്. കുടുംബശ്രീ മുഖേന മെയ് ജൂണ്‍ മാസങ്ങളിലാണ് ലൈഫ് പദ്ധതിക്കായി പഞ്ചായത്ത് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയത്. അപേക്ഷകളിലെ അപാകതകള്‍ തീര്‍ക്കുന്നതിന് രണ്ടുമാസം കാലാവധിയും നല്‍കിയിരുന്നു. ഡിസംമ്പര്‍ അവസാനത്തോടെ ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ച് ഉപഭോക്തക്കളുടെ പേരുകള്‍ പുറത്തുവിട്ടു. 2017-18 സാമ്പത്തിക വര്‍ഷത്തിലെ പ്രത്യേക ഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈഫ് യാഥാര്‍ത്ഥ്യമാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തു. തികച്ചും പരിമിതിക്കുള്ളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ പഞ്ചായത്ത് അധികൃതര്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുവാന്‍ ജില്ലാ ആസൂത്രണ സമിതിയെ സമീപിച്ചു. ഭൂമി വാങ്ങുന്നതിന് 1 കോടി രൂപയുടെ പ്രോജക്ട് സമിതിക്ക് സമര്‍പ്പിച്ച് അംഗീകാരവും നേടിയിരുന്നു. 

എന്നാല്‍, തോട്ടം മേഖലയായതിനാല്‍ മൂന്നാര്‍ പ്രദേശത്ത് പഞ്ചായത്തിന് ഭൂമിയില്ലെന്നും ആയതിനാല്‍ ഭൂമി ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സമഗ്ര കോ-ഓഡിനേഷന്‍ കമ്മറ്റിക്കും, സര്‍ക്കാര്‍ ലൈഫ് മിഷന്‍ ഡയാറക്ടര്‍ക്കും അപേക്ഷ നല്‍കിയെങ്കിലും അനുകൂലതീരുമാനം കൈകൊള്ളാന്‍ വകുപ്പുകള്‍ തയ്യറായില്ല. ഇതോടെ പദ്ധതി എന്നന്നേക്കുമായി മൂന്നാര്‍ പഞ്ചയത്ത് പദ്ധതി ഉപേക്ഷിക്കുയായിരുന്നെന്ന് സെക്രട്ടറി എ.പി. ഫ്രാന്‍സീസ് മാധ്യമത്തോട് പറഞ്ഞു. മാട്ടുപ്പെട്ടി പഞ്ചയത്തിന്റെ സ്ഥിതിയും മറ്റൊന്നല്ല. ഇവര്‍ തൊഴിലാളികള്‍ക്ക് വീടുനിര്‍മ്മിക്കുവാന്‍ അനുകൂല്യമായ സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് സമീപിക്കാന്‍ ഒരുങ്ങുകയാണ്. നിലവില്‍ മാട്ടുപ്പെട്ടി പഞ്ചായത്തിനും സ്വന്തമായി ഭൂമിയില്ലെന്നുള്ളതാണ് വാസ്തവം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഭൂരഹിത കേരളം കെട്ടിപടുത്താന്‍ സിറോ ലാന്റ് ലെസ്സ് പദ്ധതി ആവിഷ്‌കരിച്ചെങ്കിലും കെ.ഡി.എച്ച് വില്ലേജിലെ ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല. കോടികള്‍ വിലമതിക്കുന്ന ഭൂമികള്‍ സര്‍ക്കാരിന് മൂന്നാറിലുണ്ടെങ്കിലും സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയാത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കുകയാണ്.