മിസോറാം ഗവര്‍ണറായി സ്ഥാനമേറ്റ കുമ്മനം രാജശേഖരനെതിരെ പ്രചരണം

ഐസ്വാള്‍: മിസോറാം ഗവര്‍ണറായി സ്ഥാനമേറ്റ കുമ്മനം രാജശേഖരനെതിരെ പ്രചാരണം. ക്രിസ്ത്യന്‍ ഭൂരിരിപക്ഷ സംസ്ഥാനമായ മിസോറാമില്‍ 18ാമത് ഗവര്‍ണറായി എത്തിയത് തീവ്രഹിന്ദുത്വവാദിയാണെന്ന് ആരോപിച്ചാണ് ചില സംഘടനകള്‍ പ്രതിഷേധം ശക്തമാകുന്നത്. പ്രാദേശിക രാഷ്ട്രീയ സംഘടനയാണ് ഇത്തരത്തില്‍ കുമ്മനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത് എന്നാണ് മിസോറാമിലെ ഇംഗ്ലീഷ് പത്രമായ ദ മിസോറാം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

 ഗവര്‍ണര്‍ നിയമനത്തിനെതിരെ വിവിധ ക്രൈസ്തവസംഘടനകളേയും രാഷ്ട്രീയ പാര്‍ട്ടികളെയും എന്‍ജിഒകളേയും സമീപിച്ചിരിക്കുകയാണ് പ്രിസം എന്ന സംഘടന. കേരളത്തിലെ ബിജെപിയുടെ പ്രസിഡന്‍റ് എന്ന നിലയ്ക്ക് പുറമെ ആര്‍എസ്എസ് നേതാവ് എന്ന നിലയിലും വിശ്വഹിന്ദു പരിഷത്ത് നേതാവ് എന്ന നിലയിലും സജീവപ്രവര്‍ത്തകനാണെന്നും പ്രിസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

മിസോറാമിലെ ക്രിസ്ത്യാനികള്‍ക്ക് ഭീഷണിയാകുമെന്ന നിലയിലാണ് ഇവര്‍ വാര്‍ത്താക്കുറിപ്പുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 1983ല്‍ നിലയ്ക്കലില്‍ നടന്ന ഹിന്ദു-ക്രൈസ്തവ സഘര്‍ഷത്തില്‍ കുമ്മനം നേരിട്ടിടപെട്ടിരുന്നു. കേരളത്തില്‍ വച്ച് ക്രിസ്ത്യന്‍ മിഷനറിയായ ജോസഫ് കൂപ്പര്‍ ആക്രമിക്കപ്പെട്ട കേസില്‍ കുമ്മനം കുറ്റാരോപിതനാണെന്നും ഇവര്‍ ആരോപിക്കുന്നു.