ശബരിമലയിലെ യുവതി പ്രവേശനത്തിന്‍റെ പേരില്‍ കേരളത്തില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഗവര്‍ണര്‍ പി. സദാശിവം കന്നി അയ്യപ്പനായി ശബരിമലയിലേക്ക്.

തിരുവനന്തപുരം: യുവതി പ്രവേശനത്തിന്‍റെ പേരില്‍ കേരളത്തില്‍ സംഘര്‍ഷം തുടരുന്നതിനിടെ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം കന്നി അയ്യപ്പനായി ശബരിമലയിലേക്ക്. ഡിസംബറിലായിരിക്കും ഗവര്‍ണര്‍ മലകയറുന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുഗമിക്കും. താന്‍ ഡിസംബറില്‍ ശബരിമലക്ക് പോകാന്‍ ആഗ്രഹിക്കുന്നെന്നും കൂടെ വരുമോ എന്നും കടകംപള്ളിയോട് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ചോദിക്കുകയായിരുന്നു.

ഒപ്പം വരാമെന്ന് മന്ത്രി മറുപടിയും നല്‍കി. സന്നിധാനത്ത് പൊലീസ് രാജാണെന്നും ഭക്തര്‍ ഭയന്ന് അവടേക്ക് പോകുന്നില്ലെന്നും പ്രതിപകഷവും ബിജെപിയും ആക്ഷേപിക്കുമ്പോഴാണ് ഗവര്‍ണറുടെ മലകയറ്റം.

മുഖ്യമന്ത്രി പിണറായി വിജയനുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും കുടിവെള്ളം, ശൗചാലയം, വിശ്രമമുറികള്‍ എന്നിവ കുറവാണെന്ന പരാതിയില്‍ സ്വീകരിച്ച നടപടികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് കൂടുതല്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.