ചെന്നൈ: മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന് പിന്തുണയ്ക്കുന്നു എന്ന സൂചനയുമായി തമിഴ്നാട് ഗവര്‍ണ്ണര്‍ വിദ്യാസാഗർ റാവു. തമിഴ്നാട് രാഷ്ട്രീയത്തിൽ കുതിരക്കച്ചവടം അനുവദിക്കില്ലെന്ന് ഗവർണർ പ്രതികരിച്ചു. ഒ. പനീർശെൽവം യോഗ്യതയില്ലാത്തവനല്ലെന്ന് പറഞ്ഞ ഗവര്‍ണ്ണര്‍, അദ്ദേഹത്തിന് രാഷ്ട്രീയപരിചയമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ സാഹചര്യം കൈകാര്യം ചെയ്യാൻ പനീർശെൽവത്തിന് കഴിയുമെന്ന് അറിയിച്ച ഗവര്‍ണ്ണര്‍ നാളെ ചെന്നൈയില്‍ എത്തും. മുംബൈയിലെ പൊതുചടങ്ങിലാണ് ഗവർണർ നിലപാട് അറിയിച്ചത് . നാളെ പനീര്‍ശെല്‍വവും ശശികലയും ഗവര്‍ണ്ണറെ കാണും എന്നാണ് സൂചന.
അതേ സമയം തമിഴ്‍നാട്ടില്‍ ശശികലയെ പിന്തുണയ്ക്കുന്ന 132 എം.എല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് നടന്ന എം.എല്‍.എമാരുടെ യോഗത്തില്‍ പങ്കെടുത്തവരെയാണ് യോഗം കഴിഞ്ഞ ഉടന്‍ രണ്ട് ബസുകളില്‍ കയറ്റി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത്.
സത്യപ്രതിജ്ഞ വൈകിപ്പിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നത് കൂടുതല്‍ എം.എല്‍.എമാരുടെ പിന്തുണ നേടാന്‍ പനീര്‍ശെല്‍വത്തെ സഹായിക്കുമെന്നാണ് ശശികലയെ പിന്തുണയ്ക്കുന്നവരുടെ വാദം.
ഇതിനിടെ ശശികലയ്ക്കെതിരായ കേസിലെ വിധി എതിരായാല്‍ ശശികല അയോഗ്യയാകുന്നതിന് പിന്നാലെ പനീര്‍ശെല്‍വം അധികാരമേല്‍ക്കുന്നത് തടയാനാമാണ് എം.എല്‍.എമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ 10 മണിക്ക് എം.എല്‍.എമാരുടെ യോഗം ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും 12.30നാണ് യോഗം തുടങ്ങിയത്.
15 മിനിറ്റുകളോളം യോഗത്തില്‍ സംസാരിച്ച ശശികല, പനീര്‍ശെല്‍വത്തിനെതിരെ ആഞ്ഞടിച്ചു. യോഗം അവസാനിച്ചതോടെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിച്ച രണ്ട് ബസുകളില്‍ കയറ്റി എം.എല്‍.എമാരെ മാറ്റുകയായിരുന്നു.
