തിരുവനന്തപുരം: ടി പി സെന്‍കുമാര്‍ ഐ പി എസ് വീണ്ടും കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി. സെന്‍കുമാറിനെ ഡിജിപിയാക്കി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് ഉത്തരവ് പുറത്തിറങ്ങിയത്. മൂന്നു മണിയോടെ ടി പി സെന്‍കുമാര്‍ പൊലീസ് ആസ്ഥാനത്തെ ഓഫീസിലെത്തി ചുമതലയേല്‍ക്കുമെന്നാണ് വിവരം. ഇതുവരെ ഡി ജി പി ആയിരുന്ന ലോക്‌നാഥ് ബെഹ്റ, വിജിലന്‍സ് മേധാവിയായി ചുമതലയേല്‍ക്കും. ഏറെക്കാലത്തെ നിയമയുദ്ധത്തിനുശേഷമാണ് ടി പി സെന്‍കുമാര്‍ ഡി ജി പി സ്ഥാനത്തേക്ക് തിരിച്ചുവരുന്നത്. സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധി നേടിയശേഷമാണ് സെന്‍കുമാര്‍ മടങ്ങിവരുന്നത്. ജൂണ്‍ 30 വരെയാണ് ഡി ജി പി സ്ഥാനത്ത് ടി പി സെന്‍കുമാറിന്റെ കാലാവധി.

സെന്‍കുമാറിനെ ഡിജിപിയാക്കണമെന്ന വിധി നേരത്തെ വന്നിരുന്നെങ്കിലും സര്‍ക്കാര്‍ തുടര്‍ നടപടി കൈക്കൊണ്ടിരുന്നില്ല. ഈ വിധിയില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളുകയും, സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നാണ് സെന്‍കുമാറിനെ ഡിജിപിയാക്കി നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു.