തിരുവനന്തപുരം: കിഫ്ബിയുടെ ഉപദേശക സമിതി ചെയര്‍മാനായി മുന്‍ സി എ ജി വിനോദ് റായിയെ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെതാണ് തീരുമാനം . 4004 കോടി രൂപയുടെ പദ്ധതികള്‍ക്കും ആദ്യ യോഗം അംഗീകാരം നല്‍കി.

അടിസ്ഥാന സൗകര്യ വികസന പദ്ധതി നടത്തിപ്പിനുള്ള ധനസമാഹരണത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന് രൂപം നല്‍കിയത്. ആദ്യ യോഗം പരിഗണിച്ചത് 48 പദ്ധതികള്‍. 4004.86 കോടി രൂപ അടങ്കല്‍ തുക. 23 ശുദ്ധ ജല വിതരണ പദ്ധതികള്‍ക്കായി 1257 കോടി, വ്യവസായ വകുപ്പിന് 1264 കോടി, പൊതുമരാമത്ത് വകുപ്പിലെ 16 പദ്ധതികള്‍ക്ക് 611 കോടി, മൂന്ന് മേല്‍പ്പാലങ്ങള്‍ക്ക് 272 കോടി എന്നിങ്ങനെയാണ് ഫണ്ട് വിഭജനം. ആദ്യഗഡുവായി നല്‍കുന്നത് 1740.63 കോടി രൂപ. ആദ്യഘട്ട പദ്ധതികള്‍ക്കായി കടപത്രമിറക്കി 2000 കോടി രൂപ സമാഹരിക്കും. എസ്‌ ബി ഐ ക്യാപിറ്റല്‍ മാര്‍ക്കറ്റാണ് മര്‍ച്ചന്റ് ബാങ്ക്.

ഫണ്ട് ട്രസ്റ്റിയും ഉപദേശക സമിതി അദ്ധ്യക്ഷനുമാണ് മുന്‍ സിഎജി വിനോദ് റായ്. റിസര്‍വ് ബാങ്ക് മുന്‍ ഡപ്യൂട്ടി ഗവര്‍ണര്‍ ഉഷാ തൊറാട്ട്, നബാര്‍ഡ് മുന്‍ ചെയര്‍മാന്‍ പ്രകാശ് ബക്ഷി എന്നിവര്‍ അംഗങ്ങളാണ്. ഫണ്ട് വിനിയോഗവും വിലയിരുത്തുകയും നിക്ഷേപ താല്‍പര്യവും സംരക്ഷിക്കുകയാണ് ഉപദേശക സമിതിയുടെ ഉദ്ദേശം. ആറുമാസത്തിലൊരിക്കല്‍ കമ്മീഷന്റെ അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും.