ദില്ലി: ഏറെ നാളത്തെ ആലോചനകള്‍ക്കും ചര്‍ച്ചയ്‌ക്കും ശേഷമാണ് നിലവിലുള്ള 500, 1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയത്.എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ ഉറപ്പാക്കുന്ന ജന്‍ധന്‍ യോജന മുതല്‍ കാലേക്കൂട്ടിയുള്ള തയ്യാറെടുപ്പുകളും മുന്‍കരുതലുകള്‍ക്കും ശേഷമാണ് കേന്ദ്രം നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിലേക്കെത്തിയത്.

ഒറ്റ രാത്രി കൊണ്ടാണ് 500, 1000 നോട്ടുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതെന്ന് തോന്നാമെങ്കിലും കള്ളപ്പണം തിരിച്ച് പിടിക്കാന്‍ രണ്ട് വര്‍ഷത്തിലധികമായി തുടര്‍ന്ന് വരുന്ന നടപടികളുടെ ഏറ്റവും ഒടുവിലത്തെ തീരുമാനമാണ് ഇന്നലത്തേത്. കള്ളപ്പണം തിരിച്ച് പിടിക്കുമെന്ന വാഗ്ദ്ധാനം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി അധികാരത്തിലെത്തിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ജസ്റ്റിസ് എംബി ഷാ അധ്യക്ഷനായ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയും നികുതി ഇളവുകളോടെ കള്ളപ്പണം വെളുപ്പിക്കാന്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെ അവസരം നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കള്ളപ്പണക്കാരെ കുടുക്കാന്‍ നോട്ടുകള്‍ അസാധുവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കുന്ന പ്രധാനമന്ത്രി ജന്‍ധന്‍ യോജന, ബാങ്ക് അക്കൗണ്ടുകളെ ആധാറുമായും പാസ്‌പോര്‍ട്ടുമായും ആധായനികുതി വകുപ്പുമായും ബന്ധിപ്പിക്കല്‍ തുടങ്ങിയ തീരുമാനങ്ങളൊക്കെ പുതിയ തീരുമാനത്തിനുള്ള മുന്നൊരുക്കങ്ങളായാണ് വിലയിരുത്തല്‍. ധനമന്ത്രാലയം, റിസര്‍വ്വ് ബാങ്ക്, നീതി ആയോഗ് എന്നിയുമൊക്കെയാ ഏറെ നാളത്തെ ചര്‍ച്ചയ്‌ക്ക് ശേഷം കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തോടെയാണ് 500, 1000 നോട്ടുകള്‍ പിന്‍വലിച്ചത്.

വിപണിയിലിറക്കാന്‍ പുതിയ 500 രൂപ നോട്ടും 2,000 രൂപയുടെ നോട്ടും അച്ചടിച്ച റിസര്‍ബാങ്കിന്റെ തയ്യാറെടുപ്പുകള്‍ ആസൂത്രണത്തിന്റെ തെളിവാണ്. പുതിയ നോട്ടുകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ചോര്‍ന്നതും ഇതിന് ആക്കം കൂട്ടുന്നു. തീരുമാനത്തിന് രാത്രി എട്ട് മണി തെരഞ്ഞെടുത്തതിനും സവിശേഷതയേറെ. ജുവല്ലി-ഓഹരി ഇടപാടുകളും അമേരിക്കന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പന്തയ ഇടപാടും തടയാന്‍ പഴുതടച്ച പ്രധാനമന്ത്രി ഉചിതമായ സമയമാണ് തെരഞ്ഞെടുത്തതെന്നാണ് വിലയിരുത്തല്‍.

അതിനിടെ നോട്ട് അസാധുവാക്കുന്നതിലൂടെ കള്ളപ്പണം തിരിച്ച് പിടിക്കാനാകില്ലെന്നും കള്ളപ്പണം ഭൂരിഭാഗവും വിദേശ ബാങ്കുകളിലും വിദേശ കറന്‍സിയിലും സ്വര്‍ണം ഉള്‍പ്പെടെയുള്ള മറ്റ് നിക്ഷേപങ്ങളിലുമാണെന്നാണ് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് നേതാക്കളുടെ വാദം.