കോഴിക്കോട്: മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരമില്ലാതെ സര്‍ക്കാര്‍ ആശുപത്രികള്‍. കോഴിക്കോട് ജില്ലയില്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പടെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരമില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. പരിസ്ഥിതിക്ക് ദോഷം വരും രീതിയില്‍ പ്രാകൃതമായാണ് ഇവിടങ്ങളില്‍ മാലിന്യങ്ങള്‍ നീക്കുന്നത്.
ഏതൊരു സ്ഥാപനം തുടങ്ങിയാലും അത് പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ മലിനീകരണം നിയന്ത്രണ ബോര്‍ഡിന്റെ സാക്ഷ്യപത്രം വേണം.അടുത്തിടെ പെരുകുന്ന പകര്‍ച്ചവ്യാധി മരണങ്ങളുടെ കാരണം പരിസ്ഥിതി മലിനീകരണമാണെന്ന നിഗമനങ്ങള്‍ മുന്‍പിലുള്ളപ്പോള്‍ നമ്മുടെ സര്‍ക്കാര്‍ ആതുരാലയങ്ങള്‍ ഈ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ?
രണ്ട് മാസം മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് കണ്ട കാഴ്ചയാണിത്. മൃതദേഹാവശിഷ്‌ടങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നവിധം പുറത്തായതോടെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ആരോഗ്യവകുപ്പ് പ്രശ്നത്തില്‍ നിന്ന് തലയൂരി. ശാസ്‌ത്രീയമായ രീതിയിലായിരിക്കും ഇനി മാലിന്യങ്ങള്‍ നിരമ്മാര്‍ജ്ജനം ചെയ്യുകയെന്ന പ്രഖ്യാപനം പക്ഷേ നടപ്പാകുന്നത് ഇങ്ങനെയാണെന്ന് മാത്രം.
ഈ ഘട്ടത്തിലാണ് നമ്മുടെ സര്‍ക്കാര്‍ ആതുരാലയങ്ങള്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് അന്വേഷിച്ചത്. വിവരാവകാശ നിയമം പ്രകാരം ലഭിച്ച രേഖകളില്‍ കോഴിക്കോട്ടെ പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊന്നിനും മലിനീകരമം നിയന്ത്രണ ബോര്‍ഡ് സാക്ഷ്യപത്രം നല്‍കിയിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇത് സംബന്ധിച്ച ലൈസന്‍സ് പുതുക്കിയിട്ട് 7 വര്‍ഷമായെന്നും രേഖകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ മേഖലയിലുള്ള ആയുര്‍വ്വേദ, ഹോമിയോ ആശുപത്രികള്‍ക്കും ലൈസന്‍സില്ല.
എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു മാര്‍ഗനിര്‍ദ്ദേശവും സര്‍ക്കാര്‍ തലത്തില്‍ ഇല്ലെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജയശ്രീയുടെ പ്രതികരണം.
മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പാലിച്ചെങ്കില്‍ 1981ലേയും 86ലേയും നിയമങ്ങള്‍ പ്രകാരം സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും, നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാവുന്നതുമാണ്. ആരോഗ്യവകുപ്പിന്റെ തന്നെ നിയന്ത്രണത്തിലുള്ള മലിനീകരണ നിയന്ത്രണബോര്‍ഡ് പക്ഷേ ആ നടപടികളിലേക്ക് കടക്കുന്നേയില്ലെന്നതാണ് വിരോധാഭാസം.
