തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദന കേസിൽ പ്രതിയായ അഡിഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ സർക്കാർ നടപടി സ്വീകരിച്ചേക്കും. ടോം ജോസിനെ നടപടി ആവശ്യപ്പെട്ട് സർക്കാരിന് വിജിലൻസ് റിപ്പോർട്ട് നൽകും. ടോം ജോസിൽ നിന്നും വിജിലൻസ് വീണ്ടും മൊഴിയെടുക്കും.

അനധികൃത സ്വത്തുസമ്പാദന കേസിൽ പ്രതിയായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സുരജിനെ സർക്കാർ സസ്പെന്റ് ചെയ്തിരുന്നു. വിജിലൻസ് ഡയറക്ടറുടെ ശുപാ‍ർശയിലായിരുന്നു തീരുമാനം. അന്വേഷണം നടക്കുന്നതിനാൽ ടോം ജോസിനെ സർവ്വീസിൽ നിന്നും മാറ്റിനിർത്തണമെന്ന ആവശ്യം വിജിലൻസ് ഉന്നയിക്കാനാണ് സാധ്യത. വിജിലൻസിന്റെ ശുപാർ‍ശ ആഭ്യന്തര സെക്രട്ടറി വഴി സർക്കാരിന് സമർപ്പിക്കും. ആഭ്യന്തര സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അനുകൂലിച്ചാൽ ടോം ജോസിനെതിരെ നടപടിയുണ്ടാകും.

തിങ്കളാഴ്ച ശുപാർശ ഡയറക്ട സർക്കാരിന് കൈമാറുമെന്നാണ് സൂചന. ടോം ജോസിന്റഎ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിൽ കണ്ടെത്തിയ രേഖകളുടെ വിശദാംശവും വിജിലൻസ് കോടതിയെ അറിയിക്കും. രേഖകള്‍ പരിശോധിച്ച ശേഷം ടോം ജോസിൽ നിന്നും വിശദമായ മൊഴിയെടുക്കും. ബാങ്ക് ഇടപാടുകളുടെ രേഖകള്‍ ലഭിച്ച ശേഷമായിരിക്കും മൊഴി രേഖപ്പെടുത്തുക. അതേസമയം കേസിൽ പ്രിതിയാക്കിയതിനെ നിയമപരമായ ചോദ്യം ചെയ്യാനും ടോം ജോസ് ആലോചിക്കുന്നുണ്ട്.

മാത്രമല്ല ഐഎഎസ് അസോസിയേഷൻ പ്രഡിസന്റു കൂടി വിജിലൻസ് കേസിൽ അകപ്പെട്ട സാഹചര്യത്തിൽ വിജിലൻസിനെതിരെ ശക്തമായ നീക്കം വേണമെന്ന നിലപാടിലാണ് ഒരു വിഭാഗം ഐഎഎസ് ഉദ്യോഗസ്ഥർ. അസോസിയേഷൻ യോഗം വിളിച്ചു ചേർക്കണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നുണ്ട്.