ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെ പാകിസ്ഥാനെ നിയന്ത്രിക്കാന്‍ ഇന്ത്യ മറ്റ് മാര്‍ഗ്ഗങ്ങളും പ്രയോഗിക്കുന്നു. സിന്ധുനദിയുടെ പോഷകനദിയിലേക്കുള്ള വെള്ളം അണകെട്ടി തടയാനാണ് തീരുമാനം. സിന്ധു നദീജല കരാറിന്റെ ഭാഗമായി നദിയുടെ പോഷകനദിയായ രവിയിലെ വെള്ളം ഇന്ത്യയ്‌ക്ക് അവകാശപ്പെട്ടതാണ്. രവിനദിയുടെ ഉപനദിയായ ഉജ്ജിലാണ് ഇന്ത്യ അണക്കെട്ട് നിര്‍മ്മിക്കുക. കശ്‍മീരിലെ കത്വാ ജില്ലയിലായിരിക്കും ഇത്. ഈ വെള്ളമുപയോഗിച്ച് 200 മെഗാവാട്ട് വൈദ്യുതിയുത്പാദിപ്പിക്കുന്നതിന് പുറമെ ജലസേചനവും ഇന്ത്യ ലക്ഷ്യമിടുന്നു.നദിയിലെ ജലം പരമാവധി പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. അണക്കെട്ടിന്റെ നിര്‍മാണം ഉടന്‍തന്നെ തുടങ്ങും.

നിലവില്‍ ഉജ്ജ് നദിയിലെ ജലം പാകിസ്ഥാനിലേക്ക് ഒഴുകിപ്പോവുകയാണ് ചെയ്യുന്നത്. 2001ലാണ് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ നദീജലം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ജലകമ്മീഷനോട് ആവശ്യപ്പെട്ടത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ കമ്മീഷന്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാറിന് കൈമാറിയത് നല്‍കിയത്. 2016 ലെ ഉറി ആക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ പുനപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.