തിരുവനന്തപുരം: നാലുദിവസം പിന്നിടുന്ന സ്വകാര്യ ബസ് സമരം നേരിടാൻ സർക്കാർ കടുത്ത നടപടികളിലേക്ക്. പെർമിറ്റ് റദ്ദാക്കാതിരിക്കാൻ ബസ് ഉടമകൾക്ക് ഗതാഗത കമ്മീഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ബസ് ഉടമകൾ നാളെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തും.
മലബാറിലും മധ്യകേരളത്തിലുമാണ് ബസ് സമരം ജനജീവിതത്തെ കൂടുതൽ ദുസ്സഹമാക്കിയത്. വിട്ടുവീഴ്ചയില്ലാതെ ബസ് ഉടമകൾ സമരത്തിൽ ഉറച്ചുനിൽക്കുന്നതോടെയാണ് സർക്കാർ നിലപാട് കടുപ്പിക്കുന്നത്. ഗതാഗത കമ്മീഷണറുടെ നിർദ്ദേശ പ്രകാരം ആർടിഒമാർ ബസ് ഉടമകൾക്ക് പെർമിറ്റ് റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിത്തുടങ്ങി
ബസ് സമരത്തെ നേരിടാൻ എസ്മ പ്രയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ നാളെ ഹൈക്കോടതി പരിഗണിക്കും.
കൊച്ചി കോര്‍പ്പറേഷന്‍ കൗൺസിലർ തമ്പി സുബ്രഹ്മണ്യന്‍, മിസ്ഹബ്ബ് കിഴരിയൂര്‍ എന്നിവരാണ് ബസ് സമരത്തിനെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്. സമരക്കാർക്ക് എതിരെ എസ്മ പ്രയോഗിക്കണം എന്നാണ് ഹർജിക്കാരുടെ ആവശ്യം.
അതിനിടെ തിരുവനന്തപുരം നഗരത്തിൽ ചില സ്വകാര്യ ബസ്സുകൾ നിരത്തിലിറങ്ങി. സെക്രട്ടറിയേറ്റിന് മുന്നിൽ ബസ് ഉടമകൾ നടത്താനിരുന്ന അനിശ്ചിതകാല നിരാഹാരസമരവും തുടങ്ങിയില്ല.
