Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില: പരിസ്ഥിതി ദുര്‍ബലമേഖലകള്‍ക്ക് ഭീഷണിയായി വീണ്ടും നിർമ്മാണം

പശ്ചിമഘട്ടത്തില്‍ വയനാട്ടിലേതടക്കമുള്ള പരിസ്ഥിതി ദുര്‍ബലമേഖലകള്‍ക്ക് ഭീഷണിയായി വീണ്ടും നിര്‍മ്മാണ പ്രവൃത്തികള്‍. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ തടഞ്ഞുള്ള തദ്ദേശ ഭരണ വകുപ്പിന്‍റെ ഉത്തരവ് കാറ്റില്‍ പറത്തിയാണ് ഈ മേഖകളില്‍ പുതിയ റിസോര്‍ട്ടുകളും, ഫ്ലാറ്റുകളും തലപൊക്കുന്നത്. 

govt order ignored in construction in efl areas
Author
Vythiri, First Published Sep 8, 2018, 10:12 AM IST

വൈത്തിരി: പശ്ചിമഘട്ടത്തില്‍ വയനാട്ടിലേതടക്കമുള്ള പരിസ്ഥിതി ദുര്‍ബലമേഖലകള്‍ക്ക് ഭീഷണിയായി വീണ്ടും നിര്‍മ്മാണ പ്രവൃത്തികള്‍. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ തടഞ്ഞുള്ള തദ്ദേശ ഭരണ വകുപ്പിന്‍റെ ഉത്തരവ് കാറ്റില്‍ പറത്തിയാണ് ഈ മേഖകളില്‍ പുതിയ റിസോര്‍ട്ടുകളും, ഫ്ലാറ്റുകളും തലപൊക്കുന്നത്. 

ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കപ്പെട്ട സംസ്ഥാനത്തെ പരിസ്ഥിതി ദുര്‍ബലമേഖലകളില്‍ മാത്രം അഞ്ഞൂറോളം ഉരുള്‍പൊട്ടലുകള്‍ ഉണ്ടായെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തല്‍. മണ്ണിടിച്ചില്‍ ഇതിന് പുറമെയാണ്. ഈ മേഖലകളില്‍ നടന്ന നിര്‍മ്മാണ പ്രവൃത്തികളടക്കം കാരണമായി ചൂണ്ടിക്കാട്ടുമ്പോള്‍ പ്രളയ ശേഷം സ്ഥിതിയെന്തന്നറിയാനായിരുന്നു അന്വേഷണം. 

വയനാട്ടിലെ വൈത്തിരിയിലെ മലനിരകളിലെല്ലാം നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുകയാണ്. വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും, പാതയോരങ്ങളിലും പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചിരിക്കുന്നു. ജനവാസ മേഖലകള്‍ക്ക് സമീപമുള്ള കുന്നുകളില്‍ ആളുകളുടെ ജീവന് പുല്ലുവില പോലും കല്‍പിക്കാതെയാണ് റിസോര്‍ട്ടുകളുടെ പണികള്‍ പുരോഗമിക്കുന്നത്.

ഇനി തദ്ദേശഭരണ വകുപ്പ് ഇക്കഴിഞ്ഞ മുപ്പതിന് ഇറക്കിയ ഉത്തരവ് അനുസരിച്ച് പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി ലോലമേഖലകളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പാടില്ലെന്നാണ് വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന ശാസ്ത്രീയപഠനം പൂര്‍ത്തിയായി റിപ്പോര്‍ട്ട് വരും വരെ യാതൊരു നിര്‍മ്മാണം പാടില്ലെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ വൈത്തിരിയിലെ സാഹചര്യത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൈമലര്‍ത്തുകയാണ്.

ഈ പ്രളയകാലത്ത് വൈത്തിരിയെ മാത്രം പിടിച്ചുകുലുക്കിയത് 25 ഉരുള്‍പൊട്ടലുകളാണ്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഈ മേഖലയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി 2015ല്‍ ജില്ലാഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രണ്ട് നിലകളിലധികമുള്ള കെട്ടിടങ്ങള്‍ പാടില്ലെന്ന ഉത്തരവിനെതിരെ പക്ഷേ അനുകൂല കോടതി വിധി സമ്പാദിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ബാധം തുടര്‍ന്നു. ഇത്തരത്തില്‍ കെട്ടിപ്പൊക്കിയ പല കെട്ടിടങ്ങളുമാണ് കനത്തമഴയില്‍ നിലംപൊത്തിയത്.

പശ്ചിമഘട്ടമേഖലയില്‍ 25 ഡിഗ്രിയിലധികം ചരിവുള്ള പ്രദേശങ്ങളില്‍ യാതൊരു നിര്‍മ്മാണ പ്രവൃത്തികളും പാടില്ലെന്നാണ് ചട്ടം. മഴക്കുഴിപോലും പാടില്ലെന്ന് പറയുന്നിടത്താണ് വന്‍കിട നിര്‍മ്മാണങ്ങളേറെയും നടക്കുന്നത്. പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ മറ്റ് ജില്ലകളിലെ പരിസ്ഥിതി ദുര്‍ബലമേഖലകളിലും സമാനസാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ മനസിലായത്.

Follow Us:
Download App:
  • android
  • ios