ഭുവനേശ്വര്‍: ഒഡീഷയിലെ മേയുര്‍ബന്‍ജി ഗ്രാമത്തിലെ ഗവണ്‍മെന്‍റ് സ്കൂളില്‍ മൂന്ന് ആദിവാസി വിദ്യാര്‍ത്ഥിനികളെ അദ്ധ്യാപിക സ്വന്തം കൃഷിയിടത്തില്‍ പണിയെടുപ്പിച്ചെന്ന് ആരോപണം. സംഗീത സരിത എന്ന ടീച്ചര്‍ക്കെതിരെയാണ് വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ദിവസേന 100 രൂപ കൂലിക്ക് മൂന്ന് ദിവസമാണ് വിദ്യാര്‍ത്ഥിനികളെ അദ്ധ്യാപിക തന്‍റെ കൃഷിഇടത്തില്‍ പണിയെടുപ്പിച്ചത്.
ആദിവാസി ഗോത്രവിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥിനികള്‍ സ്കൂളില്‍ തന്നെയാണ് താമസിച്ചിരുന്നത്. കുട്ടികളെ കാണാനായി മാതാപിതാക്കള്‍ സ്കൂളിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. മാതാപിതാക്കള്‍ സ്കൂളിലെത്തിയെങ്കിലും കുട്ടികളെ കാണാനായില്ല. പിന്നീട് കാര്യങ്ങളറിഞ്ഞ മാതാപിതാക്കള്‍ ഇതില്‍ പ്രതിഷേധിച്ച് സ്കൂള്‍ പൂട്ടുകയായിരുന്നു. വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
