Asianet News MalayalamAsianet News Malayalam

പോളിയോ വാക്സിന് വിലകൂടി; 100 കോടിയുടെ അന്താരാഷ്ട്ര സഹായം തേടി കേന്ദ്രം

രാജ്യത്തെ പോളിയോ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന പങ്കുവഹിക്കുന്ന പോളിയോ കുത്തിവെപ്പിനുള്ള (ഇന്‍ജെക്റ്റട് ഇനാക്ടിവേറ്റഡ് പോളിയോ വാക്സിന്‍ - ഐ.പി.വി) മരുന്നിനാണ് വില വര്‍ദ്ധിച്ചത്. സനോഫി എന്ന കമ്പനി മാത്രമാണ് നിലവില്‍ രാജ്യത്തേക്ക് ആവശ്യമായ ഇന്‍ജെക്റ്റട് പോളിയോ വാക്സിനുകള്‍ നല്‍കുന്നത്. 

Govt seeks to deal with polio vaccine cost hike
Author
Delhi, First Published Nov 17, 2018, 5:40 PM IST

ദില്ലി: നവജാത ശിശുക്കള്‍ക്ക് നല്‍കുന്ന പോളിയോ വാക്സിന് വില കൂടിയതോടെ 100 കോടിയുടെ അന്താരാഷ്ട്ര സഹായം തേടി ഇന്ത്യ. ഉയര്‍ന്ന വിലയ്ക്ക് മരുന്ന് വാങ്ങാന്‍ പ്രതിവര്‍ഷം കേന്ദ്ര സര്‍ക്കാര്‍ അധികമായി കണ്ടെത്തേണ്ട 100 കോടിയോളം രൂപയ്ക്ക് വേണ്ടിയാണ് "ഗാവി' എന്ന സംഘടനയുടെ സഹായം തേടിയിരിക്കുന്നത്. 3000 കോടി മുടക്കി പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചതിന് പിന്നാലെ മരുന്നിനായി സഹായം ചോദിക്കേണ്ടി വരുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണിപ്പോള്‍.

രാജ്യത്തെ പോളിയോ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന പങ്കുവഹിക്കുന്ന പോളിയോ കുത്തിവെപ്പിനുള്ള (ഇന്‍ജെക്റ്റട് ഇനാക്ടിവേറ്റഡ് പോളിയോ വാക്സിന്‍ - ഐ.പി.വി) മരുന്നിനാണ് വില വര്‍ദ്ധിച്ചത്. സനോഫി എന്ന കമ്പനി മാത്രമാണ് നിലവില്‍ രാജ്യത്തേക്ക് ആവശ്യമായ ഇന്‍ജെക്റ്റട് പോളിയോ വാക്സിനുകള്‍ നല്‍കുന്നത്. ആവശ്യത്തിന് സ്റ്റോക്കുകള്‍ ഇവര്‍ എത്തിക്കാത്തത് മൂലം പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഘട്ടം ഘട്ടമായി വില വര്‍ദ്ധിപ്പിക്കുകയാണെന്നുകൂടി അറിയിച്ചിരിക്കുന്നത്. ആവശ്യത്തിന് സ്റ്റോക്ക് ലഭിക്കാതെ വന്നാല്‍ പോളിയോ വാക്സിന്‍ കുത്തിവെപ്പുകള്‍ നല്‍കുന്നത് സര്‍ക്കാറിന് താല്‍ക്കാലികമായെങ്കിലും നിര്‍ത്തിവെയ്ക്കേണ്ടി വരും. പോളിയോ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളെ ഇത് പിന്നോട്ടടിക്കുകയും ചെയ്യും.

വായിലൂടെ നല്‍കുന്ന പോളിയോ തുള്ളിമരുന്നുകളെ അപേക്ഷിച്ച് പാര്‍ശ്വഫലങ്ങളില്ലാത്തതും കൂടുതല്‍ ഫലപ്രദവുമാണ് കുത്തിവെയ്പ്പിലൂടെ നല്‍കുന്ന ഇന്‍ജെക്റ്റട് ഇനാക്ടിവേറ്റഡ് പോളിയോ വാക്സിന്‍. 2015 മുതലാണ് രാജ്യത്തെ വാക്സിനേഷന്‍ പദ്ധതിയില്‍ ഇന്‍ജെക്റ്റട് പോളിയോ വാക്സിനുകള്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ 61 രൂപയ്ക്കാണ് (0.75 യൂറോ) ഒരു ഡോസ് മരുന്ന് സനോഫി കേന്ദ്ര സര്‍ക്കാറിന് നല്‍കുന്നത്. അടുത്ത വര്‍ഷം മുതല്‍ ഇത് 147 രൂപയാക്കി (1.81 യൂറോ) വര്‍ദ്ധിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2020 ഓടെ വില പിന്നെയും വര്‍ദ്ധിപ്പിച്ച് 177 രൂപയാക്കുമെന്നും യൂനിസെഫിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയ്ക്കൊപ്പം ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും ഈ വില വര്‍ദ്ധനവ് ബാധകമാണ്.

ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം ജനനത്തിന് ശേഷം ആറാം ആഴ്ചയും പതിനാലാം ആഴ്ചയുമാണ് ഇന്‍ജെക്റ്റട് ഇനാക്ടിവേറ്റഡ് പോളിയോ വാക്സിന്റെ ഓരോ ഡോസുകള്‍ നല്‍കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ മാത്രം രാജ്യത്ത് ഒരു വര്‍ഷം ഒരു കോടിയോളം വാക്സിന്‍ ഡോസുകള്‍ ആവശ്യമാണെന്നാണ് കണക്ക്. 61 രൂപയില്‍ നിന്ന് 147 രൂപയിലേക്ക് വില വര്‍ദ്ധിക്കുന്നതോടെ 86 കോടി രൂപയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അധികമായി കണ്ടേത്തേണ്ടി വരുമെന്നാണ് അനുമാനം. ഈ പണത്തിനായാണ് പിന്നോക്ക രാജ്യങ്ങളെ രോഗ പ്രതിരോധ പദ്ധതികള്‍ക്ക് സഹായിക്കുന്ന "ഗാവി'യുടെ സഹായം തേടിയിരിക്കുന്നത്. 

രാജ്യത്ത് സ്വകാര്യ മേഖലയില്‍ 10 വര്‍ഷത്തിന് മുകളിലായി ഇന്‍ജെക്റ്റട് ഇനാക്ടിവേറ്റഡ് പോളിയോ വാക്സിന്‍ നല്‍കി വരുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന വില കാരണം സാധാരണക്കാര്‍ക്ക് ഇവ അപ്രാപ്യമായിരുന്നു. 2015ല്‍ ഗാവിയില്‍ നിന്ന് 118 കോടിയുടെ സഹായം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവ സര്‍ക്കാര്‍ മേഖലയിലും നല്‍കി തുടങ്ങിയത്. രണ്ട് വര്‍ഷത്തേക്കുള്ള വാക്സിന് ആവശ്യമായ സഹായം നല്‍കുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇന്ത്യ തന്നെ ഇതിനുള്ള പണം കണ്ടെത്തണമെന്നുമായിരുന്നു ധാരണ. എന്നാല്‍ വില കൂടിയതോടെ സര്‍ക്കാര്‍ വീണ്ടും സംഘടനയുടെ സഹായം ചോദിച്ചിരിക്കുകയാണ്.

വില വര്‍ദ്ധനവ് ലോകം മുഴുവന്‍ ബാധകമാണെങ്കിലും ഇന്ത്യയ്ക്ക് അപ്രതീക്ഷിതമായൊരു ബുദ്ധിമുട്ടുണ്ടാക്കുന്നത് മനസിലാക്കുന്നുവെന്നും എന്ത് ചെയ്യാന്‍ കഴിയുമെന്ന് തങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് ഗാവി വക്താവ് ജനീവയില്‍ നിന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. വിലക്കയറ്റം മറ്റ് രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. 2020ഓടെ മറ്റ് നിര്‍മ്മാതാക്കള്‍ കൂടി വാക്സിന്‍ വിപണിയിലെത്തിച്ചു തുടങ്ങുമ്പോള്‍ വില കുറയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യം ബജറ്റില്‍ നീക്കിവെയ്ക്കുന്ന തുകയുടെ ഭീമമായ അപര്യാപ്തതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ന്യൂമോകോക്കല്‍, റോട്ടാവൈറസ് വാക്സിനുകള്‍ക്ക് വേണ്ടി ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ ഗാവിയുടെ സഹായം തേടുന്നുണ്ട്. 2017 മുതല്‍ 2019 വരെ ന്യൂമോകോക്കല്‍ വാക്സിനുവേണ്ടി 769 കോടി രൂപ ഗാവി നല്‍കിയിട്ടുണ്ട്. 2018 മുതല്‍ 2020 വരെ രാജ്യത്ത് റോട്ടാവൈറസ് വാക്സിന്‍ നല്‍കുന്നതിനായി 395 കോടി രൂപ നല്‍കാമെന്ന് ഗവി അംഗീകരിച്ചിട്ടുമുണ്ട്. എന്നാല്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ഒരു തടസ്സമായി മാറില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയും മറ്റ് ഉദ്യോഗസ്ഥരും പ്രതികരിച്ചത്. 

നിലവില്‍ സര്‍ക്കാറിന്റെ കൈവശമുള്ള പോളിയോ വാക്സിനുകള്‍ എത്ര നാളേയ്ക്ക് തികയുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ആരോഗ്യ മേഖലയിലെ ചില ഉദ്ദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. വാക്സിന്‍ ലഭിക്കാതെ വരുന്നത് ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്ന് പ്രമുഖ ശിശുരോഗ വിദഗ്ദനും  വൈറോളജിസ്റ്റും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ പ്രൊഫസറുമായ ഡോ. ടി. ജേക്കബ് ജോണ്‍ പറഞ്ഞു. എന്ത് ചിലവ് വന്നാലും വാക്സിന്‍ ലഭ്യത ഉറപ്പുവരുത്തണം. ഗാവിയുടെ സഹായം കിട്ടിയാലും ഇല്ലെങ്കിലും ഇന്ത്യ ഇനിയും ദരിദ്ര രാജ്യമല്ല. ഐപിവി വഴിയുള്ള രോഗ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ബജറ്റില്‍ നീക്കിവെയ്ക്കാന്‍ തയ്യാറാവണം. ഒരു പതിറ്റാണ്ട് മുന്‍പ് സ്വീകരിച്ച വികലമായ തീരുമാനങ്ങളുടെ ഫലമായാണ് ഈ വാക്സിന്‍ വിതരണം ഒരൊറ്റ ഭീമന്‍ കമ്പനിയുടേത് മാത്രമായി ഒതുങ്ങിയത്. ഐ.പി.വി നിര്‍മ്മിക്കുന്ന ഫാക്ടറി തുടങ്ങാന്‍ 1990ല്‍ തന്നെ രാജ്യം പദ്ധതിയിട്ടിരുന്നെങ്കിലും ഇത് പിന്നീട് വേണ്ടെന്ന് വെയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വാക്സിന്റെ വില വര്‍ദ്ധനവ് നേരിടാന്‍ ഇന്ത്യ സഹായം ചോദിക്കുന്നത് അന്താരാഷ്ട്ര സംഘടകളെ അത്ഭുതപ്പെടുത്തുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദരില്‍ ചിലര്‍ അഭിപ്രായപ്പെട്ടത്. ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ തന്നെ കൂടുതല്‍ പണം ചിലവഴിക്കുകയാണ് വേണ്ടതെന്നും  ഇവര്‍ പറയുന്നു. പാവപ്പെട്ടവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ നല്‍കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് 2000 കോടി നീക്കി വെച്ചപ്പോള്‍ പട്ടേല്‍ പ്രതിമയ്ക്കായി സര്‍ക്കാര്‍ 3000 കോടി ചിലവാക്കിയതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 
 

Follow Us:
Download App:
  • android
  • ios