കോഴിക്കോട്: ചക്കിട്ടപ്പാറയിലെ ഖനനനീക്കം ഉപേക്ഷിക്കാതെ സര്‍ക്കാര്‍. ഖനനത്തിനായി സമീപിച്ച കമ്പനികളിലൊന്നിന്‍റെ അപേക്ഷയില്‍ വ്യവസായ വകുപ്പ് ഇനിയും തീരുമാനമെടുത്തിട്ടില്ല. മുംബൈ ആസ്ഥാനമായ എംഎസ്പിഎല്‍ കമ്പനിക്ക് ഖനനാനുമതി നല്‍കിയിരുന്നെങ്കിലും റദ്ദാക്കിയിരുന്നു.

2009ലാണ് ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര്‍ ഖനനത്തിന് അനുമതി തേടി രണ്ട് കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചത്. എളമരം കരീം വ്യവസായമന്ത്രിയായിരുന്ന കാലത്തെ ഖനനീക്കം ഏറെ വിവാദമയിരുന്നു. നവരത്ന പദവിയുള്ള കെഐഒ സിഎല്‍, മുംബൈ ആസ്ഥാനമായ എംഎസ്പിഎല്‍ എന്നീ കമ്പനികളാണ് ചക്കിട്ടപ്പാറയെ ഉന്നമിട്ടത്. ഇതില്‍ എംഎസ്പിഎല്‍ കമ്പനിക്ക് അനുമതി നല്‍കിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. 

എന്നാല്‍ കെഐഒ സിഎല്ന്‍റെ അപേക്ഷ ഇപ്പോഴും സര്‍ക്കാരിന്‍റെ മുന്നിലുണ്ട്. വിവരാവകാശ മറുപടിയില്‍ വ്യവസായ വകുപ്പ് അറിയിക്കുന്നതിങ്ങനെ. ഖനനത്തിന് അപേക്ഷ നല്‍കിയ രണ്ട് കമ്പനികളില്‍ ഒന്നിന്‍റെ അനുമതി റദ്ദ് ചെയ്തിട്ടുണ്ട്. എന്നാല്‍ കെഐഒസിഎല്ലിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അതായത് സര്‍ക്കാരിന് മുന്നില്‍ 9 വര്‍ഷം മുന്‍പ് ലഭിച്ച അപേക്ഷയാണ് ഇപ്പോഴും തീര്‍പ്പുകല്‍പിക്കാതെ കിടക്കുന്നത്. ചക്കിട്ടപ്പാറയില്‍ ഈ സര്‍ക്കാര്‍ വീണ്ടും ഖനനത്തിന് കോപ്പുകൂട്ടുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് വ്യവസായ വകുപ്പിന്‍റെ നിലപാട് വ്യക്തമാകുന്നതെന്നും ശ്രദ്ധേയം.

ഖനനാനുമതി തേടി കെഐഒസിഎല്‍ വീണ്ടും സര്‍ക്കാരിനെ സമീപിച്ചതായാണ് വിവരം. പരിസ്ഥിതി ആഘാടത പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് എംഎസ്പിഎല്‍ കമ്പനിക്ക് നല്‍കിയ ഖനനാനുമതി കഴിഞ്ഞ സര്‍ക്കാര്‍ റദ്ദുചെയ്തത്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയും, കേന്ദ്രട്രൈബ്യൂണലും കമ്പനിയുടെ വാദങ്ങള്‍ തളളിയത്. പ്രദേശവാസികളും ഖനനത്തിനെതിരെ രംഗത്തെത്തിയത് നീക്കങ്ങള്‍ക്ക് തിരിച്ചടിയായി.