തിരുവനന്തപുരം: ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവദാനത്തിന് സര്‍ക്കാര്‍ ഇടനിലക്കാരാകുന്നു. ആവശ്യമനുസരിച്ച് സർക്കാർ തന്നെ പരസ്യം നൽകി ദാതാക്കളെ ക്ഷണിക്കും. അയവദാനത്തിന്റെ മറവിൽ ഇടനിലക്കാർ ലക്ഷങ്ങൾ തട്ടുന്നത് ഒഴിവാക്കാനാണ് പുതിയ പദ്ധതി തയാറാകുന്നത്. സർക്കാറിന് കീഴിലെ മരണാനന്തര അയവദാന ഏജൻസി മൃതസഞ്ജീവിന് മുഖേനെയാണ് എല്ലാ നടപടികളും. 

മൃതസഞ്ജീവനയിൽ രജിസ്റ്റർ ചെയ്തവരില്‍ താൽപര്യമുള്ളവർക്കുവേണ്ടി സര്‍ക്കാർ പരസ്യം നല്‍കും. രോഗിയുടെ വിവരങ്ങള്‍ വെളിപ്പെടുത്താതെയാകും പരസ്യം. ദാനത്തിന് സന്നദ്ധരായെത്തുന്നവരുടെ പരിശോധനകളടക്കം സര്‍ക്കാര്‍ തലത്തില്‍ നടത്തും. അതിനുശേഷം മെഡിക്കല്‍ ബോര്‍ഡിന്‍റെ അനുമതി തേടും. ശേഷം ഏത് ആശുപത്രിയിലാണോ രോഗി ഉള്ളത് അവിടേക്ക് ദാതാവിനെ അയക്കും ഈ രിതിയിലാണ് നടപടി ക്രമം. 

അവയവമാവശ്യപ്പെട്ട് സ്വകാര്യ വ്യക്തികൾ നൽകുന്ന പരസ്യം സർക്കാർ നിരോധിച്ചിരുന്നു. ഇതൊഴിവാക്കി കിട്ടാന്‍ നിരവധിപേര്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ സഹാചര്യത്തിലാണ് എന്തുകൊണ്ട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി അവയവാ ദാനത്തിന് സന്നദ്ധരായവരെ കണ്ടെത്തിക്കൂടെന്ന് കോടതി ചോദിച്ചത്.. പ്രതിഫലം പറ്റാതെ അവയവ ദാനത്തിന് തയാറുള്ളവരെ കണ്ടെത്താനുള്ള പദ്ധതികള്‍ തയാറാക്കാന്‍ ചീഫ് സെക്രട്ടറിയോട് കോടതി നിര്‍ദേശിച്ചു. ഇതനുസരിച്ചാണ് പുതിയ പദ്ധതിയുടെ കരട് തയാറായത്.