കരിമ്പ് കര്‍ഷകരെ സഹായിക്കാനാണ് അധിക സെസ്സെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്.

ദില്ലി: പഞ്ചസാരക്ക് 5 ശതമാനം ജിഎസ്ടിക്ക് പുറമേ സെസ്സ് ചുമത്താനുള്ള നിര്‍ദ്ദേശം പഠിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രം സംസ്ഥാന ധനമന്ത്രിമാരുടെ സംഘത്തെ ചുമതലപ്പെടുത്തി. ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

കരിമ്പ് കര്‍ഷകരെ സഹായിക്കാനാണ് അധിക സെസ്സെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്. നികുതിദായകര്‍ മാസത്തില്‍ മൂന്ന് തവണ റിട്ടേണ്‍ സമര്‍പ്പിക്കുന്നത് ഒരു തവണയാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് നികുതിയിളവ് നല്‍കുന്നതിനായുള്ള നിര്‍ദ്ദേശം പരിശോധിക്കാനും സംസ്ഥാന ധനമന്ത്രിമാരുടെ സംഘത്തെ ചുമതലപ്പെടുത്തി. 

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് 27-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേര്‍ന്നത്.