തിരുവനന്തപുരം: മൂന്നാറിൽ കയ്യേറിയുണ്ടാക്കിയ കെട്ടിടങ്ങൾ പൊളിക്കലല്ല സർക്കാർ നയമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. സർക്കാർ ഭൂമിയിലെ അനധികൃത കെട്ടിടങ്ങൾ സർക്കാർ വീണ്ടെടുത്ത് മറ്റാവശ്യങ്ങൾ ഉപയോഗിക്കുമെന്ന് ഇ.ചന്ദ്രശേഖരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജെസിബി കൊണ്ട് അനധികൃത കെട്ടിടങ്ങൾ ഇടിച്ച് നിരത്തിയ വിഎസിന്റെ മൂന്നാർ ദൗത്യമല്ല പിണറായി സർക്കാറിന്. വൻകിട കയ്യേറ്റങ്ങൾ ഒരു മാസത്തിനുള്ളിൽ കണ്ടെത്താൻ റവന്യു സെക്രട്ടറിയോട് ആവശ്യപ്പെട്ടു.സർക്കാർ ഭൂമിയിലെ അനധികൃത കെട്ടിടങ്ങൾ കണ്ടെത്തിയാൽ പൊളിക്കലല്ല ലക്ഷ്യം.

എസ്.രാജേന്ദ്രൻ എംൽഎ.യുടെ ഭൂമിയെ കുറിച്ച് അന്വേഷണം നടത്തുകയാണ്. മൂന്നാറിൽ ഉയർന്ന കർഷകരുടെ പ്രതിഷേധം പൂർണ്ണമായും തള്ളുന്നില്ല. ചെറുകിട കർഷകരുടെ ആശങ്കയാണ് സമരത്തിലൂടെ കണ്ടതെന്ന് റവന്യുമന്ത്രി പറഞ്ഞു.

പക്ഷെ കയ്യേറ്റവും കുടിയേറ്റവും രണ്ടാണെന്ന നിലപാടാണ് സർക്കാറിന്. റവന്യു സെക്രട്ടറിയുടെ റിപ്പോർട്ടിന് ശേഷം മറ്റ് വകുപ്പുകളുമായി ആലോചിച്ച് മൂന്നാറിൽ തുടർനിർമ്മാണങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് റവന്യുവകുപ്പ് തീരുമാനം.