ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് മികച്ച നേട്ടം
മോസ്കോ: ഫുട്ബോള് ലോകത്ത് അടുത്ത കാലത്തായി ഇംഗ്ലീഷ് പ്രീമിയര് ലീഗിന് എപ്പോഴും തിരിച്ചടികളാണ്. റയല് മാഡ്രിഡിന്റെയും ബാഴ്സലോണയുടെയും അപ്രമാദിത്വത്തിന് മുന്നില് യൂറോപ്പില് നേട്ടങ്ങള് കൊയ്യാന് ഇംഗ്ലീഷ് ക്ലബ്ബുകള്ക്ക് സാധിക്കുന്നില്ല. പണക്കൊഴുപ്പില് മുന്നില് നില്ക്കുമ്പോഴും ചാമ്പ്യന്സ് ലീഗോ യൂറോപ്പയോ സ്വന്തമാക്കാന് കഴിഞ്ഞ വര്ഷങ്ങളില് കരുത്തരായ ചെല്സി, മാഞ്ചസ്റ്റര് യുണെെറ്റഡ്, സിറ്റി, ലിവര്പൂള് തുടങ്ങിയ ക്ലബ്ബുകള്ക്ക് സാധിച്ചില്ല.
പക്ഷേ, ലോകകപ്പില് ലാ ലിഗയെ ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണ് ഇംഗ്ലീഷ് ക്ലബ്ബുകള്. ലോകകപ്പില് ആകെ പിറന്ന ഗോളുകളില് 32 എണ്ണവും അടിച്ചത് പ്രീമിയര് ലീഗിലെ താരങ്ങളാണ്. അതേസമയം, വന് തോക്കുകള് ഏറെയുള്ള ലാ ലിഗയ്ക്ക് 25 ഗോളുകള് മാത്രമാണ് പേരിലെഴുതാന് സാധിച്ചിട്ടുള്ളൂ. ടോപ് സ്കോറര് പട്ടികയില് മുന്നില് നില്ക്കുന്ന ഹാരി കെയ്നും റൊമേലു ലുക്കാക്കുവുമെല്ലാം ഇംഗ്ലീഷ് ക്ലബ്ബുകള്ക്ക് വേണ്ടി ബൂട്ടണിയുന്നവരാണ്.

ലിയോണല് മെസിയും ക്രിസ്റ്റ്യാനോ റൊണാള്ഡോയും സ്പെയിന് ടീമും ലോകകപ്പില് നിന്ന് പുറത്തായതോടെ ലാ ലിഗയ്ക്ക് ഇനി മുന്നേറാന് സാധിക്കുമോയെന്നതും സംശയമാണ്. അത്ലറ്റിക്കോ മാഡ്രിഡിന്റെ ആന്റോണിയോ ഗ്രിസ്മാനിലും ബാഴ്സലോണയുടെ ലൂയി സുവാരസിലുമാണ് ഇനി സ്പാനിഷ് ലീഗിന്റെ പ്രതീക്ഷ. ഇംഗ്ലീഷ്, സ്പാനിഷ് ആധിപത്യത്തിന് മുന്നില് മറ്റു ലീഗുകള്ക്കെല്ലാം ഈ കണക്കിലും തിരിച്ചടിയാണ്.
10 ഗോളുകളുമായി ഫ്രഞ്ച് ലീഗാണ് മൂന്നാം സ്ഥാനത്ത്. നെയ്മര്, എംബാപെ, കവാനി എന്നീ പിഎസ്ജി താരങ്ങളാണ് കൂടുതലും ഗോളുകള് നേടിയത്. ജര്മനി ആദ്യ റൗണ്ടില് തന്നെ പുറത്തായതോടെ മൂന്നു ഗോളുകള് മാത്രമാണ് ബുന്ദസ് ലിഗയുടെ പേരില്. ഇറ്റാലിയന് ലീഗിന് രണ്ടു ഗോളുകളും സ്വന്തമാക്കാനായി.
