എംപിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജമൗലി 

സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഫിറ്റ്‌നെസ്സ് ചാലഞ്ചിനുശേഷം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് ഗ്രീന്‍ ചാലഞ്ച്. ചെടികള്‍ വച്ചു പിടിപ്പിക്കുക, പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ‘ഹരിതഹാരം’ എന്ന പേരില്‍ എംപിയും ടിആര്‍എസ് പാര്‍ട്ടി അംഗവുമായ കവിത കല്‍വകുണ്ടലയാണ് ‘ഗ്രീന്‍ ചാലഞ്ച്’ എന്ന പുതിയ വെല്ലുവിളിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. 

തെലങ്കാന മുഖ്യമന്ത്രി, മുഹമ്മദ് മഹ്മൂദ് അലി, വെമുരി രാധാ കൃഷ്ണ, സൈന നെഹ്വാള്‍, എസ്.എസ് രാജമൗലി എന്നിവരെയാണ് കവിത വെല്ലുവിളിച്ചത്. വെല്ലുവിളി ഏറ്റെടുത്ത കാര്യം അറിയിച്ചുകൊണ്ട് രാജമൗലി തന്നെയാണ് കഴിഞ്ഞദിവസം ഒരു ഫോട്ടോ ട്വീറ്റ് ചെയ്തത്. ആല്‍മരം, വാകമരം, വേപ്പുമരം എന്നിവ നട്ടു പിടിപ്പിച്ചാണ് രാജമൗലി വെല്ലുവിളി ഏറ്റെടുത്തത്. തുടർന്ന് രാഷ്ട്രീയ നേതാവ് കെ.ടി രാമ റാവു, സംവിധായകനായ സന്ദീപ് റെഡ്ഡി വാങ്ക, നാഗ് അശ്വിന്‍ എന്നിവരെ ഗ്രീന്‍ ചാലഞ്ച് ഏറ്റെടുക്കുന്നതിനായി അദ്ദേഹം വെല്ലുവിളിച്ചു. 

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം പുതിയ ചിത്രത്തിന്റെ തിരക്കിലാണ് രാജമൗലി. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളായ ജൂനിയര്‍ എന്‍.ടി.ആർ, രാം ചരണ്‍ തേജ എന്നിവരാണ് നായകൻമാർ. ചിത്രത്തിന്റെ പേര് ഇതുവരേയും പുറത്തുവിട്ടിട്ടില്ല. ഡിവിവി എന്‍റർടെയ്ൻമെന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Scroll to load tweet…