ബെംഗളുരു: നിർദ്ദിഷ്ട തലശ്ശേരി- മൈസൂരു റെയിൽപ്പാതയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കാനുളള സർവേയ്ക്ക് കർണാടക സർക്കാരിന്‍റെ പച്ചക്കൊടി. നാഗർഹോള വന്യജീവി സങ്കേതം ഒഴിവാക്കി കേരളം സമർപ്പിച്ച പുതിയ പാതാ നിർദേശം കർണാടകം അംഗീകരിച്ചു. ബെംഗളൂരുവിൽ നടന്ന ചീഫ് സെക്രട്ടറി തല ചർച്ചയിലാണ് തീരുമാനം. തലശ്ശേരി -മൈസൂരു റെയിൽപ്പാതയ്ക്കുണ്ടായിരുന്ന പ്രധാന തടസ്സം നീങ്ങിയ തീരുമാനങ്ങളാണ് ചീഫ് സെക്രട്ടറിമാർ പങ്കെടുത്ത ചർച്ചയിലുണ്ടായത്.
നിർദ്ദിഷ്ട പാത നാഗർഹോള വന്യജീവി സങ്കേതത്തിലൂടെ ആയിരുന്നതിനാൽ അനുമതി നൽകാനാവില്ലെന്ന നിലപാടായിരുന്നു കർണാടകത്തിനുണ്ടായിരുന്നത്. എന്നാൽ നാഗർഹോള ഒഴിവാക്കി പുതിയ പാത കേരളം നിർദേശിച്ചതോടെ സർവേക്ക് കർണാടകം നിലപാടില്‍ അയവ് വരുത്തികയായിരുന്നു. തലശ്ശേരിയിൽ നിന്ന് കൊട്ടിയൂർ വഴി മാനന്തവാടിയിലെത്തി അവിടെ നിന്ന് എച്ച് ഡി കോട്ട വഴി മൈസൂരുവിലേക്കായിരുന്നു പഴയ പാത. പകരം മാനന്തവാടിയിൽ നിന്ന് തൃശ്ശിലേരി-അപ്പപ്പാറ-കുട്ട വഴി മൈസൂരു കുശാൽനഗർ പാതയിലെ പെരിയപട്ടണയിൽ എത്തുന്ന വിധത്തിലാണ് പുതിയ നിർദേശം.
പരമാവധി ബഫർ സോണുകൾ ഒഴിവാക്കിക്കൊണ്ടുളള പാതയാണ് ഇത്. പാതയുടെ വിശദ പദ്ധതി രേഖ സമർപ്പിക്കാൻ റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തിൽ കൊങ്കൺ റെയിൽവെ കോർപ്പറേഷൻ ഡിസംബറോടെ സർവേ നടത്തി റിപ്പോർട്ട് നൽകും. ഇത് റെയിൽവേ ബോർഡിന്‍റെ അനുമതിക്കായി സമർപ്പിക്കും. പാരിസ്ഥിതിക അനുമതി അടക്കമുളള കാര്യങ്ങളിൽ പിന്നീട് തീരുമാനമുണ്ടാകും.
നേരെത്തെ 196 കിലോ മീററർ പാതയ്ക്കായി ഡിഎംആർസി സർവേ നടത്തിയിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറി കെ എം എബ്രഹാം, കർണാടക ചീഫ് സെക്രട്ടറി സുഭാഷ് ഖുന്ത്യ എന്നിവരും വകുപ്പ് സെക്രട്ടിമാരും ചർച്ചയിൽ പങ്കെടുത്തു.നൂറ് വർഷത്തിലധികമായി ആവശ്യപ്പെടുന്ന പാതയ്ക്ക് പുതിയ സർവേയും പദ്ധതി രേഖയും ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
